Childrans-Day-aravindcochlear

തൃശൂർ വേലൂരിലെ ഏഴു വയസുകാരൻ അരവിന്ദന് ലോകത്തെ കേൾക്കണം, അതിന് സർക്കാർ കനിയണം. അണു ബാധയെ തുടർന്ന് നീക്കം ചെയ്ത ക്ലോക്കിയർ ഇംപ്ലാന്റേഷൻ വലതു ചെവിയിൽ ചെയ്യാമെന്ന ഉറപ്പ് ലഭിച്ച അരവിന്ദന്റെ കുടുംബം രണ്ടു വർഷമായിട്ടും കാത്തിരിപ്പിലാണ്..

മൂന്നു വർഷം എല്ലാം കേട്ടതാണ് തൃശൂർ വേലൂരിലെ ഏഴു വയസുകാരൻ അരവിന്ദൻ. മൂന്നാം വയസ്സിൽ സർക്കാരിന്റെ ശ്രുതി തരംഗം പദ്ധതിയിൽ ഉൾപ്പെടുത്തി കോക്ലിയർ ഇംപ്ലാന്റിലൂടെ. പിന്നീട് ആറാം വയസ്സിലാണ് ചെവിക്ക് അണുബാധയുണ്ടായത്. ഇതോടെ വലതു ചെവിയിലെ ഇംപ്ലാന്റ് മാറ്റി. ഇടത് ചെവിയിൽ ഉടൻ ചെയ്യാമെന്ന ഉറപ്പായിരുന്നു അരവിന്ദന്റെ മാതാപിതാക്കൾക്ക് അന്ന് നൽകിയത്. എന്നാൽ വർഷം രണ്ടായിട്ടും നടപടിയുണ്ടായില്ല. അപേക്ഷ നൽകി കാത്തിരുന്നിട്ടും വിഫലം. ആരോഗ്യവകുപ്പിന് കത്തയച്ചെങ്കിലും പ്രതീക്ഷ അവസാനിക്കും വിധമുള്ള മറുപടിയായിരുന്നു ലഭിച്ചത്. ഒരുതവണ സഹായം അനുവദിച്ചതിനാൽ അപേക്ഷ നിരസിച്ചെന്ന്. അരവിന്ദന്റെ പിതാവ് നിജേഷും മാതാവ് ശരണ്യയും നിറകണ്ണുകളോടെയാണ് ഇത് പങ്കു വെച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു അരവിന്ദന്റെ ശസ്ത്രക്രിയ. രണ്ടാമത്തെ ശസ്ത്രക്രിയയെ പറ്റി അന്വേഷിച്ചപ്പോൾ സർക്കാരിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടില്ലെന്നായിരുന്നു വിശദീകരണം. ശസ്ത്രക്രിയക്കും കോക്ലിയർ ഇംപ്ലാന്റിനും സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവ് വരും. ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തുന്ന പിതാവ് നിജേഷിന് താങ്ങാവുന്നതിലും അപ്പുറമാണ് ഇത്.  മഴുവഞ്ചേരി വിദ്യ വിഹാർ സ്കൂളിൽ യു കെ ജി വിദ്യാർഥിയാണ് നിലവിൽ അരവിന്ദൻ. മൂന്നു വർഷം കേട്ടറിഞ്ഞ താണ് ഇപ്പോഴും അരവിന്ദന്റെയുളളിൽ തങ്ങി നിൽക്കുന്നത്. സർക്കാരിന്റെ ഇടപെടൽ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് അരവിന്ദന്റെ മാതാപിതാക്കൾ.

Thrissur aravind cochlear implantation story