TAGS

വിൽപ്പനക്കെത്തിക്കുന്ന ഉൽപന്നങ്ങൾ കേടുവന്നാലും വിൽപനയായില്ലെങ്കിലും പണം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കും. ഹോർട്ടി കോർപ്പിലാണ് ജീവനക്കരെ ദ്രോഹിക്കുന്ന വിചിത്രമായ നടപടി. ഇതോടെ കടം വാങ്ങി പിഴ അടക്കേണ്ട ഗതികേടിലാണ് ദിവസ വേതനക്കാരായ നാനൂറിലധികം ജീവനക്കാർ...

 

കൃഷി വകുപ്പിനു കീഴിലെ ഹോർട്ടി കോർപ്പിലാണ് ജീവനക്കാരെ പിഴിയുന്ന വിചിത്ര നടപടി. വിറ്റുപോകാത്തതും കേടായതുമായ ഉൽപന്നങ്ങളുടെ വില ജീവനക്കാരുടെ ദിവസ വേതനത്തിൽ നിന്ന് ഈടാക്കുന്ന, കേട്ടുകേൾവി പോലുമില്ലാത്ത നടപടി. ഒന്നര വർഷമായി ഹോർട്ടി കോർപ്പിലെ 420 ലധികം ജീവനക്കാരാണ് മാനേജ്മെന്റിന്റെ തീരുമാനത്തിൽ കടുത്ത പ്രതിസന്ധിയിലായത്. 600 രൂപ ദിവസ വേതനം വാങ്ങുന്നവരാണിവർ

 

വിൽപ്പനക്കെത്തിക്കുന്ന പച്ചക്കറികളും പഴങ്ങളും കേടു വന്നാൽ മുഴുവൻ തുകയും ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കും. വിൽപ്പനയാകാതെ നശിച്ചാലും സഹിക്കേണ്ടത് ജീവനക്കാർ തന്നെ. ഗുണനിലവാരം പരിശോധിക്കാതെയാണ് മിക്ക യൂണിറ്റുകളിലേക്കും ഉൽപന്നങ്ങൾ എത്തിക്കുന്നത്. അതിനാൽ ജീവനക്കാർക്ക് പറയാനുള്ളത് നഷ്ടക്കഥ മാത്രം. ഇത്തരത്തിൽ ഒന്നര ലക്ഷം രൂപ വരെ പിഴ ലഭിച്ച ജീവനക്കാരുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മിക്ക ജീവനക്കാരും.

 

 

പിഴ തുക ഏത് അക്കൗണ്ടിലേക്കാണ് വകയിരുത്തുന്നത് എന്ന് മാനേജ്മെന്റ് അറിയിച്ചിട്ടില്ല. നോട്ടിസും പോലും നൽകാറില്ല. എല്ലാ ഉത്തരവാദിത്വങ്ങളും ജീവനക്കാരുടെ മേൽ കെട്ടി വെക്കുന്ന നടപടി. തൊഴിലാളി വിരുദ്ധ നടപടി എന്ന് ആരോപിച്ച് സമരത്തിന് ഒരുങ്ങുകയാണ് വിവിധ യൂണിയനുകൾ