കൈക്കൂലിപ്പിരിവ് ഇപ്പോഴും പഴയ ശൈലിയിലൊക്കെ തന്നെ. പക്ഷേ പണം സൂക്ഷിക്കുന്ന മാർഗം പലതാണ്. സൂത്രപ്പണികൾ പലതുണ്ട് കൈക്കൂലി വാങ്ങുന്ന ഏമാൻമാർക്ക്. പാലക്കാട് ഗോപാലപുരം ചെക്പോസ്റ്റിലെ വിജിലൻസ് പരിശോധനയിൽ കണ്ടത് അതുപോലൊരു വിചിത്രമായ സൂത്രപ്പണി.
നോട്ട് നന്നായി ചുരുട്ടി പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജിന്റെ ഫ്രീസറിനുള്ളില്‍ കരുതും. ഐസ് മൂടിയ പൊതിയില്‍ പണമാണെന്ന് ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാനാവില്ല. പാലോ, പച്ചക്കറിയോ, മല്‍സ്യമോയെന്ന് തെറ്റിദ്ധരിക്കും. അലമാര വസ്ത്രം സൂക്ഷിക്കാന്‍ മാത്രമല്ല പണം ഒളിപ്പിക്കാനുള്ള സ്ഥലമെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. പാത്രം തൂക്കിയിടാന്‍ ചുവരില്‍ പതിപ്പിച്ചിട്ടുള്ള ഹാങ്ങറിനുമുണ്ട് ഉത്തരവാദിത്തം. ചുവരിനും ഹാങ്ങറിനും ഇടയിലുള്ള സ്ഥലത്ത് അഞ്ഞൂറിന്റെ നോട്ടുകള്‍ സുരക്ഷിതം.
മൃഗങ്ങളുമായി അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങള്‍ കൈമടക്ക് വാങ്ങി യാതൊരു പരിശോധനയുമില്ലാതെ കടത്തിവിടുന്നതിന്റെ തെളിവുകളും വിജിലന്‍സിന് ലഭിച്ചു. ചെക്പോസ്റ്റിന് പരിസരത്ത് പുലര്‍ച്ചെ നിലയുറപ്പിച്ച വിജിലന്‍സ് സംഘം ലോറി ഡ്രൈവര്‍മാരില്‍ നിന്നും ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നതും ഒളിപ്പിക്കുന്നതും കൃത്യമായി മനസിലാക്കിയ ശേഷമാണ് കുടുക്കിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായും പണം ഒളിപ്പിച്ചിരുന്നു. ലോറികളില്‍ കുത്തിനിറച്ചെത്തുന്ന മൃഗങ്ങള്‍ക്ക് രോഗബാധയുണ്ടോ, മതിയായ രേഖകളുമായാണോ എത്തുന്നത് എന്നതൊന്നും ഇവിടെ പരിശോധിക്കുന്നതേയില്ല. പേപ്പറിനൊപ്പം അഞ്ഞൂറിന്റെ നോട്ട് കൂടിയുണ്ടെങ്കില്‍ സുരക്ഷിത യാത്ര തുടരാം. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Palakkad Gopalapuram Vigilance Raid; Seized 14,000 rs from Fridge and Shelf