സിപിഎമ്മുമായി വേദി പങ്കിടുന്നില്ലെന്ന് മുസ്​ലിം ലീഗ് ആവര്‍ത്തിക്കുന്നതിനിടെ ഡിവൈഎഫ്ഐയുമായി വേദി പങ്കിടാനൊരുങ്ങുകയാണ് യൂത്ത്​ലീഗ്. യൂത്ത്​ലീഗിന്‍റെ യുവഭാരത് യാത്രയിലേയ്ക്ക് ഡിവൈഎഫ്ഐയെ ക്ഷണിക്കാനാണ് തീരുമാനം. ക്ഷണം ഡിവൈഎഫ്ഐ സ്വീകരിക്കുമെന്നാണ് സൂചന. 

ജനുവരി 26ന് കശ്മീരില്‍ നിന്ന് ആരംഭിക്കുന്ന യൂത്ത്​ലീഗിന്‍റെ യുവഭാരത് യാത്രയുടെ ഭാഗമായ പൊതുവേദികളിലേയ്ക്ക് സിപിഎമ്മിന്‍റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയെ ക്ഷണിക്കാനാണ് തീരുമാനം. യുഡിഎഫ്ിന്‍റെ സഖ്യകക്ഷിയായ മുസ്്ലിം ലീഗ് ഇടതുമുന്നണിയോട് അടുക്കുന്നുവെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് പുതിയ നീക്കം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരുമാസം നീളുന്നതാണ് യാത്ര. യൂത്ത് കോണ്‍ഗ്രസിനെ ഔദ്യോഗികമായി പരിപാടിയിലേയ്ക്ക് ക്ഷണിച്ചുകഴിഞ്ഞു. ഡിവൈഎഫ്ഐയെ കൂടി ക്ഷണിക്കുന്നതിന് നേതൃത്വം പറയുന്ന കാരണം ഇതാണ്. 

സിപിഎം സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയിലേയ്ക്ക് ക്ഷണമുണ്ടായിരുന്നുവെങ്കിലും ലീഗ് പങ്കെടുത്തിരുന്നില്ല. സാങ്കേതിക കാരണം പറഞ്ഞ് ഒഴിഞ്ഞ ലീഗ് പരിപാടിക്ക് എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്തു. പങ്കെടുക്കാത്തതിനെക്കുറിച്ച് ലീഗിനെ കുറ്റപ്പെടുത്താതിരുന്ന മുഖ്യമന്ത്രി അടക്കമുള്ളവര്‍ കോണ്‍ഗ്രസ് ആണ് ഇതിന് പിന്നിലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അതിനിടയിലാണ് യൂത്ത്​ലീഗ് ഡിവൈഎഫ്ഐക്ക് ആതിഥ്യമരുളുന്നത്.