ഇന്ത്യൻ നാവികസേനയ്‌ക്കായി കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ച 3 അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പലുകൾ നീറ്റിലിറക്കി. പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മൂന്ന് കപ്പലുകളും നീറ്റിലിറക്കിയത്. ഐഎൻഎസ് വിക്രാന്തിന് ശേഷം മൂന്ന് യുദ്ധക്കപ്പൽ കൂടി നീറ്റലിറക്കിയതോടെ സ്വപ്നസമാന കുതിപ്പാണ് കൊച്ചി കപ്പൽശാലയുടേത്.
ഐ.എൻ.എസ് മഹി, ഐ.എൻ.എസ് മൽവാൻ, ഐ.എൻ.എസ് മഗ്രോൾ എന്നിവയാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി നീറ്റിലിറങ്ങിയത്. 2019-ൽ എട്ട് അന്തർവാഹിനി പ്രതിരോധ കപ്പലുകൾ നിർമ്മിക്കാൻ കപ്പൽശാല പ്രതിരോധ മന്ത്രാലയവുമായി കരാർ ഒപ്പുവച്ചിരുന്നു. ഇതിൽ മൂന്നെണ്ണമാണ് ഇപ്പോൾ നീറ്റിലിറങ്ങിയത്.
ശത്രു അന്തർവാഹിനികളെ കണ്ടെത്താനും, തടയാനും, നശിപ്പിക്കാനും ഉപയോഗിക്കുന്ന അണ്ടർവാട്ടർ വാർഫെയറിന്റെ ഭാഗമാണ് ആന്റി സബ്മറൈൻ വാർഫെയർ എന്നറിയപ്പെടുന്ന ഇപ്പോൾ നീറ്റിലിറക്കിയ കപ്പലുകൾ. ഓരോ കപ്പലിനും 78 മീറ്റർ നീളവും 11.36 മീറ്റർ വീതിയുമുണ്ട്. ഭാരം കുറഞ്ഞ ടോർപ്പിഡോകൾ, എഎസ്‌ഡബ്ല്യു റോക്കറ്റുകൾ, മൈനുകൾ തുടങ്ങിയ സംവിധാനങ്ങൾ കപ്പലുകളിൽ ഉണ്ടാകും. 25 നോട്ട് വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഓരോ കപ്പലിലും ഏഴ് നാവിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 57 പേർ ഉണ്ടാകും.
കോവിഡ് മഹാമാരി, ഉക്രൈൻ യുദ്ധം എന്നീ പ്രതിസന്ധികൾക്കിടയിലും കൃത്യസമയത്ത് കപ്പലുകൾ നീറ്റിലിറക്കാൻ സാധിച്ചത് കൊച്ചി കപ്പൽ ശാലയുടെ വലിയ വിജയമായാണ് വിലയിരുത്തുന്നത്.