എളിയ സാഹചര്യങ്ങളിലില്‍ നിന്ന് രാജ്യത്തെ  ഉന്നത കേന്ദ്രങ്ങളില്‍ ചുമതലയിലെത്തിയ വ്യക്തിത്വമാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റേത്.  നിശ്ചയദാര്‍ഢ്യവും സൗമ്യ സമീപനവും  കൊണ്ട് ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. 

കൊല്ലത്തെ ഒരുതീരദേശഗ്രാമത്തില്‍ നിന്ന് എളിയനിലയില്‍ ജീവിതം തുടങ്ങി, കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഡ്യത്തിലൂടെയും ഐഎഎസില്‍ എത്തിയ വ്യക്തിത്വം. അതേ ഊര്‍ജസ്വലതയോടെ രാഷ്ട്രീയത്തിലെയ്ക്കും വന്ന മനുഷ്യന്‍. കഠിനമായ പ്രയാസങ്ങളിലൂടെ കടന്നുവന്ന ഒരുഗ്രാമീണനാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ സ്വയം വിശേഷണം.

ക്ലാപ്പന സ്വദേശിയായിരുന്നു. കൊല്ലം ഫാത്തിമ മാതാകോളജില്‍ നിന്ന് എംഎസ് സി സുവോളജി പൂര്‍ത്തിയാക്കിയത് ഒന്നാം റാങ്കോടെ. തുടര്‍ന്ന് സിഎസ്ഐആറില്‍ റിസേര്‍ച്ച് ഫെലോ ആയിരിക്കെ ഐ.എ.എസ്. ഗുജറാത്ത് ഖേഡ ജില്ലാ ഡെവലപ്പ്മെന്റ് ഓഫീസര്‍ ആയിട്ടായിരുന്നു ആദ്യനിയമനം. തുടര്‍ന്നവിടെ കലക്ടറായി. 2012 ജൂലായില്‍ സര്‍വീസില്‍ നിന്നുവിരമിക്കും വരെ അഞ്ചുവര്‍ഷക്കാലമാണ് രാഷ്ട്രപതിയുടെ സെക്രട്ടറിയായത്. രാഷ്ട്രപതിയുടെ സെക്രട്ടറിയായിരിക്കെ, കൊല്ലം ബൈപ്പാസിന് പണം അനുവദിക്കുന്നതിന് നിര്‍ണായകസമ്മര്‍ദം ചെലുത്താന്‍ അദ്ദേഹത്തിനായിരുന്നു.  2014 ലോക്സഭാ തിരഞ്ഞെടുപ്പിലാണ് എറണാകുളത്ത് ഇടതുസ്ഥാനാര്‍ഥിയായത്. പിന്തുണയ്ക്കൊപ്പം വിമര്‍ശനങ്ങളും അന്ന് നേരിടേണ്ടിവന്നു. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഇടതുപക്ഷക്കാരനോ, ഇടതുപക്ഷ അനുഭാവിയോ ആയിരുന്നില്ല എന്ന എം.എം. ലോറന്‍സിന്റെ വിമര്‍ശനമായിരുന്നു അതിലൊന്ന്. ബി.ജെ.പിക്കും, കോണ്‍ഗ്രസിനും പ്രിയപ്പെട്ട ഐഎഎസുകാരന്‍ എന്ന വിമര്‍ശനം മറ്റൊന്ന്. കോണ്‍ഗ്സ് സ്ഥാനാര്‍ഥി കെ.വി തോമസിന്റെ നിര്‍ദേശപ്രകാരമാണ് ക്രിസ്റ്റി സ്ഥാനാര്‍ഥി ആയതെന്ന ആരോപണവും അക്കാലത്തുയര്‍ന്നു. പരാജയശേഷം കെഎസ്ഐഡിസി ചെയര്‍മാനായി. കയര്‍ബോര്‍ഡ് ചെയര്‍മാന്‍, ഗുജറാത്ത് ഫിഷറീസ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍, എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍സിഎംഡി തുടങ്ങി നിരവധി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കൊച്ചി കലൂർ പുതിയറോഡിലെ വീട്ടിലായിരുന്നു വർഷങ്ങളായി അദ്ദേഹത്തിന്റെ താമസം.