muttil-tree

മുട്ടിൽ മരം മുറി കേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഉൾപ്പെടെ പന്ത്രണ്ട് പേർക്കെതിരെ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിൻമേൽ സംസ്ഥാന വ്യാപകമായി നടന്ന മരംമുറി ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

അന്വേഷണ പുരോഗതിയിലും തുടർനടപടികളിലെ കാലതാമസത്തിനും ഏറെ പഴികേട്ടതിനൊടുവിലാണ് 84,600 പേജുകളുള്ള കുറ്റപത്രം പ്രത്യേക അന്വേഷണസംഘം ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. 420 സാക്ഷികളും 900 രേഖകളും ആധാരമാക്കിയാണ് കുറ്റപത്രം. ഇതോടൊപ്പം ക്രിമിനൽ കേസ് അന്വേഷണത്തിൽ മരങ്ങളുടെ ഡി.എൻ.എ. പരിശോധനാഫലം ശാസ്ത്രീയ തെളിവായി ഉൾപ്പെടുത്തിയ ആദ്യ കുറ്റപത്രമെന്ന പ്രത്യേകതയുമുണ്ട്. 2020 ഒക്ടോബറിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിവാദ ഉത്തരവിനെ തുടർന്നാണ് സംസ്ഥാനത്ത് വ്യാപകമായി മരംമുറി നടന്നത്. വയനാട് മുട്ടിൽ വില്ലേജിൽ നിന്ന് മാത്രം എട്ടരക്കോടിയോളം രൂപയുടെ മരം മുറിച്ചു. സർക്കാർ ഉത്തരവ് പ്രകാരം 1964നു ശേഷം പട്ടയഭൂമിയിൽ നട്ടുവളർത്തിയതോ പൊട്ടിമുളച്ചതോ ആയ മരങ്ങളാണ് മുറിച്ചെന്ന പ്രതികളുടെ വാദം ഡി.എൻ.എ. പരിശോധന ഫലം പുറത്തുവന്നതോടെ പൊളിഞ്ഞു. 85 മുതൽ 574 വർഷം പഴക്കമുള്ള മരങ്ങൾ വരെ അഗസ്റ്റിൻ സഹോദരന്മാർ മുറിച്ചു കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പഴുതടച്ചുള്ള കുറ്റപത്രം ആണ് സമർപ്പിച്ചിരിക്കുന്നതെന്നാണ് അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി. വി.വി.ബെന്നി പറഞ്ഞത്.