muttil-tree

മുട്ടില്‍ മരംമുറി കേസില്‍ പിടിച്ചെടുത്ത തടികള്‍ ലേലം ചെയ്യാന്‍ അനുമതി തേടി വനംവകുപ്പ് കോടതിയില്‍. വെയിലും മഴയുമേറ്റ് മരങ്ങള്‍ നശിക്കുന്നത് തടയുകയാണ് ലക്ഷ്യം. അതേസമയം മരംമുറി കേസില്‍ പ്രതികളില്‍ നിന്ന് പിഴ ഈടാക്കാനുള്ള റവന്യു വകുപ്പ് നടപടികള്‍ ഇഴയുകയാണ്. 

നിലവില്‍ ബത്തേരിക്ക് സമീപം കുപ്പാടിയിലെ വനംവകുപ്പിന്‍റെ തടി ഡിപ്പോയിലാണ് കേസില്‍ പിടിച്ചെടുത്ത ഈട്ടി തടികള്‍ സൂക്ഷിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷമായി ഇത് തുറസായ സ്ഥലത്ത് വെയിലും മഴയുമേറ്റ് കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേസില്‍പ്പെട്ട തടികള്‍ ലേലം ചെയ്ത് തുക കോടതിയില്‍ കെട്ടിവെയ്ക്കാന്‍ അനുമതി തേടി സൗത്ത് വയനാട് ഡി.എഫ്.ഒ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍പ്പെട്ട തടികള്‍ നശിക്കുന്നത് തടയണമെന്ന് കാട്ടി പ്രതികളായ അഗസ്റ്റിന്‍ സഹോദര്‍മാര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. തടികള്‍ വെയിലും മഴയും ഈര്‍പ്പവുമേല്‍ക്കാത്ത തരത്തില്‍ പ്രത്യേക ഷെഡില്‍ സൂക്ഷിക്കണമെന്ന് കോടതി ഉത്തരവിറക്കിയിരുന്നു. ഇതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് തടികളുടെ ലേലത്തിന് അനുമതി തേടി വനംവകുപ്പ് കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം പ്രതിഭാഗത്തെ കൂടെ കേള്‍ക്കുന്നതിനായി ഹര്‍ജി 19ലേക്ക് മാറ്റി.

അനധികൃതമായി മരംമുറിച്ച് കടത്തിയതിന് പ്രതികള്‍ക്കെതിരെ ലാന്‍ഡ് കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം റവന്യു വകുപ്പ് നടപടികള്‍ തുടങ്ങിയിരുന്നുവെങ്കിലും നിലവില്‍ ഇതും നിലച്ച മട്ടാണ്. കബളിപ്പിക്കപ്പെട്ട ഭൂവുടമകള്‍ക്കും റവന്യു നോട്ടീസ് കിട്ടിയതോടെ പ്രതിഷേധവുമായി സി.പി.എം. ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു. ഇതോടെ തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിനായി ലാന്‍ഡ് റവന്യു കമ്മീഷണറെ ചുമതലപ്പെടുത്തി. നോട്ടീസ് നല്‍കുന്ന നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുക്കുകയാണ്.

Forest department has sought permission from court to auction the timber seized in Muttil tree cutting case.