കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കാനും പരുക്കേറ്റവരുടെ ചികില്‍സ ഉറപ്പുവരുത്താനും ഡല്‍ഹിയില്‍ നിന്ന് ഉദ്യോഗസ്ഥ സംഘം ശ്രീനഗറിലെത്തി. നോര്‍ക്ക ഓഫീസറും കേരള ഹൗസ് ഉദ്യോഗസ്ഥരുമടങ്ങിയതാണ് സംഘം. അതേസമയം  മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടങ്ങി. രാത്രിയോടെ വിമാനമാര്‍ഗം മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനുള്ള ശ്രമമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. 

ചിറ്റൂര്‍ നെടുങ്ങോട് സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്നേഷ് എന്നിവരാണ് സോജില ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. േസാനാമാര്‍ഗില്‍നിന്ന് സിറോ പോയിന്‍റിലെത്തി മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് സംഘത്തിലുണ്ടായിരുന്ന സുജീവ്. 

ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കശ്മീരിലെത്തി നടപടികള്‍ വേഗത്തിലാക്കും. യുവാക്കളുടെ മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മന്ത്രിമാരായ എം.ബി.രാജേഷും, കെ.കൃഷ്ണന്‍കുട്ടിയും ബന്ധുക്കളുമായി സംസാരിച്ചു.  മൃതദേഹം വിട്ടുകിട്ടുന്ന മുറയ്ക്ക് സംസ്കാരച്ചടങ്ങുകള്‍ നിശ്ചയിക്കാനുള്ള ഒരുക്കത്തിലാണ് യുവാക്കളുടെ ബന്ധുക്കള്‍.

Jammu Kashmir accident follow up