TAGS

കൈവിട്ട ജീവിതം തിരിച്ചു പിടിച്ചതിലെ സന്തോഷം ഇരട്ടിപ്പിക്കുന്നതാണ്  ട്രാന്‍സ് പ്ലാന്റ് ഗെയിംസിലെ വിജയമെന്ന് ജേതാക്കളായ താരങ്ങള്‍. രോഗാനന്തരകാലത്തെ നേട്ടങ്ങളെയെല്ലാം പങ്കാളിക്കുകൂടി പങ്കിടുന്നവരാണ് ട്രാന്‍സ്പ്ലാന്റ് ചാംപ്യന്‍മാരോരുരുത്തരും. കൊല്ലംക്കാരായ രണ്ടു ദമ്പതിമാരെ പരിചയപ്പെടാം. 

ജീവിതപങ്കാളികളെ എന്‍റെ കരളേ എന്നൊന്ന് നീട്ടിവിളിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍. ചവറയില്‍ നിന്നുള്ള ലതയും റസീനയും. 2014ലാണ് രാജന്‍ പിള്ളയ്ക്ക് ലത കരള്‍ നല്‍കിയത്. ആശുപത്രി കിടക്കയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന ഭര്‍ത്താവിനെ പരിചരിച്ച് ലത എപ്പോഴും കൂടെയുണ്ടാകും. ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ പങ്കെടുക്കണമെന്ന് രാജന്‍ പിള്ള ആഗ്രഹമറിയിച്ചപ്പോഴും കൂടെ നിന്നു. അവയവദാനം ചെയ്തവരുടെ നടത്ത മല്‍സരത്തില്‍ ലതയ്ക്ക് കിട്ടി, ഒന്നാംസ്ഥാനം.

രോഗബാധിതനായതോടെയാണ് പ്രവാസജീവിതം മതിയാക്കി യൂസഫ് നാട്ടിലെത്തുന്നത്. 2017ല്‍ ഭാര്യ റസീയയില്‍ നിന്ന് കരള്‍ സ്വീകരിച്ചു. ഒരിക്കല്‍ രോഗിയായതിന്‍റെ പേരില്‍ വീടിനുള്ളില്‍ അടങ്ങിയൊതുങ്ങിയിരിക്കാന്‍ തീരെ താല്‍പര്യമില്ല.  അവയവം ദാനം ചെയ്തവരുടെയും സ്വീകരിച്ചവരുടെയും കൂട്ടായ്മകളില്‍ സജീവമാണ് ഈ ദമ്പതികള്‍. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് സഹായമെത്തിക്കാറുണ്ട്. കരള്‍ മാറ്റിവെച്ച റിട്ട.അധ്യാപകന്‍ ഗിരീഷിന്‍റെ കൂടെയാണ് സംഘം ഗെയിംസില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയത്.

Transplant games winners