ലഹരിക്കടത്തിനും വാഹനമോഷണത്തിനും സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന അനധികൃത ഓണ്‍ലൈന്‍ ആപ്പ് സൂംകാറിനെ മറയാക്കി സംസ്ഥാനത്തെ ക്രിമിനല്‍ സംഘങ്ങള്‍. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരിക്കടത്തിന പുറമെ വാടകയ്ക്കെടുക്കുന്ന കാറുകള്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് കടത്തി പൊളിച്ചുവില്‍ക്കുന്നു. മോട്ടോര്‍ വാഹന നിയമങ്ങള്‍ അട്ടിമറിച്ചുള്ള ആപ്പിന്‍റെ പ്രവര്‍ത്തനം രാജ്യവ്യാപകമായി ദുരൂഹയിടപാടുകള്‍ക്ക് ഉപയോഗപ്പെടുത്തുന്നു

'സ്വന്തമെന്ന് കരുതൂ' എന്നാണ് ആപ്പിന്‍റെ പരസ്യവാചകം. കാര്‍ വാടകയ്ക്കെടുത്ത് കൊണ്ടുപോകുന്ന ലഹരിമാഫിയസംഘങ്ങളും മോഷ്ടാക്കളും പരസ്യവാചകം അന്വര്‍ഥമാക്കുകയാണ്. തൃശൂര്‍ വടകേക്കര സ്വദേശിയുടെ എട്ട് ലക്ഷം വിലയുള്ള കാര്‍ഇന്ന് വിശാഖപട്ടണം നസ്രിപട്ടണം പൊലീസിന്‍റെ കസ്റ്റഡിയിലാണ്. മാരക ലഹരിമരുന്ന് എംഡിഎംഎ കടത്തിയതിനാണ് കാര്‍ പൊലീസ് പിടിച്ചെടുത്തത്. 2023 നവംബര്‍ പതിനൊന്നിന് ആപ്പ് മുഖേന  കാര്‍ വാടകയ്ക്കെടുത്ത ഉമേഷ്, നിസാമുദീന്‍ എന്നിവരെ ഇതുവരെ ഫോണില്‍ വിളിച്ച് കിട്ടിയിട്ടില്ല.

മറ്റൊരു ദുരനുഭവം കൊച്ചി കടവന്ത്ര സ്വദേശിക്കാണ്. വാടകയ്ക്ക് നല്‍കിയ അഞ്ച് ലക്ഷം രൂപ വിലയുള്ള കാര്‍ തൊട്ടടുത്ത മണിക്കൂറില്‍ അപ്രത്യക്ഷമായി. പൊലീസില്‍ പരാതി നല്‍കി ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ ആ സത്യം തിരിച്ചറിഞ്ഞു. തമിഴ്നാട്ടിലെത്തിയ കാര്‍ മോഷ്ടാക്കള്‍ പൊളിച്ച് വിറ്റു. അനധികൃതയിടപാടില്‍ പെട്ട് കൈപൊള്ളിയവരുടെ കണക്ക് ഇതില്‍ ഒതുങ്ങുന്നതല്ല.

കാര്‍ എവിടെയെന്ന് ചോദ്യവുമായി സൂംകാര്‍ ആപ്പ് പ്രതിനിധികളെ വിളിച്ചപ്പോള്‍ കാര്‍ നഷ്ടപ്പെട്ട രണ്ട് പേരും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് എറണാകുളം ആര്‍ടിഒയുടെ നേതൃത്വത്തില്‍ ആപ്പിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തിയത്. റെന്‍റ് ആ കാര്‍ ആപ്പിന്റെ മറവില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ നടക്കുന്നുവെന്നാണ് കണ്ടെത്തല്‍. പൊലീസിന്‍റെ സഹായത്തോടെ ആപ്പിനെ പൂട്ടിക്കെട്ടാനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. 

ENGLISH SUMMARY:

Criminal gangs in the state have disguised Zoomcar as an illegal online app that rents out private vehicles for drug trafficking and car theft.