kidnap

കൊല്ലം ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം. കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്സും കണ്ടെടുത്തു. പ്രതി പത്മകുമാറിന്റെ ചിറക്കര ഫാമിലായിരുന്നു രണ്ടാംദിവസത്തെ തെളിവെടുപ്പ്. 

തുടര്‍ച്ചയായ നാലു ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെ തെളിവെടുപ്പിനായി അന്വേഷണസംഘം രണ്ടാംദിവസം എത്തിയത് മുഖ്യപ്രതി പത്മകുമാറിന്റെ ഫാമിലേക്കാണ്. ചിറക്കര പഞ്ചായത്തിലെ പോളച്ചിറ തെങ്ങുവിളയിലെ മൂന്നരയേക്കര്‍ ഫാമിനുളളില്‍ ഒന്നരമണിക്കൂറോളം അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്സും ഇവിടെ നിന്ന് കണ്ടെടുത്തു. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരെ ഫാമിനുളളില്‍ എത്തിച്ചെങ്കിലും അനിതകുമാരിയെ മാത്രമാണ് വാഹനത്തില്‍ നിന്ന് പുറത്തിറക്കി തെളിവ് ശേഖരിച്ചത്. 

ഇതിന് ശേഷം കുട്ടിക്ക് ഭക്ഷണം വാങ്ങിയ ഹോട്ടലിലും പ്രതികളെ എത്തിച്ചു. പ്രതികള്‍ തമിഴ്നാട്ടിലേക്ക് പോയപ്പോള്‍ താമസിച്ച പുളിയറയിലെ താമസകേന്ദ്രം, കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം എന്നിവിടങ്ങളിലും വരുദിവസങ്ങളില്‍ പ്രതികളെ എത്തിക്കും. പതിനാലിന് ഉച്ചയ്ക്കാണ് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കോടതി അനുവദിച്ച കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.