കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കുറ്റകൃത്യം നമ്മളാരും മറന്നിട്ടില്ല. ഒരു പോറലുപോലും ഏല്‍ക്കാതെ ആ കുഞ്ഞിനെ തിരികെ കിട്ടണേയെന്ന പ്രാര്‍ത്ഥനയോടെയാണ് ആ ദിവസങ്ങളില്‍ കേരളം ഒന്നടങ്കം കാത്തിരുന്നത്. ആ കുറ്റകൃത്യം കഴിഞ്ഞിട്ട് അമ്പത് ദിവസങ്ങളായി.കേസില്‍ കുറ്റപത്രവും തയാറായിക്കഴിഞ്ഞു. കേസ് വിചാരണയിലേക്ക് കടക്കാന്‍ ഒരുങ്ങുമ്പോള്‍ പ്രതികളെന്ന് പൊലീസ് കണ്ടെത്തിയ കുടുംബം എവിടെ, അവര്‍ എങ്ങിനെ കഴിയുന്നൂവെന്ന് അന്വേഷിക്കാം. വിഡിയോ കാണാം:
കൊല്ലം ചാത്തന്നൂരിനടുത്ത് മാമ്പള്ളിക്കുന്നത്ത് താമസിക്കുന്ന കെ.ആര്‍.പത്മകുമാറും ഭാര്യ എം.ആര്‍.അനിതാകുമാരിയും മകള്‍ പി.അനുപമയുമാണ് പ്രതികള്‍. ഇതില്‍ പത്മകുമാര്‍ കഴിയുന്നത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. വലിയഫാമും രണ്ട് കാറും വലിയ വീടുമൊക്കെയുണ്ടായിരുന്ന പത്മകുമാറിന്റെ ജീവിതം ഇപ്പോള്‍ ഈ ജയിലിനുള്ളിലെ ഒരു കുഞ്ഞ് സെല്ലില്‍ ഒതുങ്ങുകയാണ്. ആരാണ് ജയിലില്‍ പത്മകുമാറിന്റെ കൂട്ട്, സഹതടവുകാരന്‍ എന്നതാണ് ഏറെ കൗതുകം ഉണര്‍ത്തുന്നത്. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ്. സന്ദീപ് മാനസിക വെല്ലുവിളി നേരിടുന്നയാളാണന്ന് സംശയിക്കുന്നുണ്ടങ്കിലും പത്കുമാറിനൊപ്പം കഴിയാന്‍ തുടങ്ങിയ ശേഷം പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. പത്കുമാറും പൊതുവെ ജയിലില്‍ അധികം ആരോടും മിണ്ടാറില്ല. ശിക്ഷിക്കപ്പെട്ട പ്രതി അല്ലാത്തതുകൊണ്ട് തന്നെ ജയിലിലെ ജോലി ചെയ്യണമെന്ന് നിര്‍ബന്ധമില്ല. പത്മകുമാര്‍ അതിന് താല്‍പര്യവും കാണിക്കാറില്ല. ദിവസവും പത്രം വായിക്കും. പിന്നീട് സെല്ലിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടും. സന്ദീപുമായി ഇടക്ക് വര്‍ത്തമാനം പറയുന്നത് കാണാറുണ്ട് എന്നല്ലാതെ മാറ്റാരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ അല്ലാതെ അധികം സംസാരമൊന്നുമില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയതിനേക്കുറിച്ചും കാര്യമായി ഒന്നും സംസാരിച്ചിട്ടില്ലെന്നാണ് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
പത്മകുമാര്‍ കഴിയുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള അട്ടക്കുളങ്ങര വനിത ജയിലിലാണ് രണ്ടും മൂന്നും പ്രതികളായ അനിതകുമാരിയും മകള്‍ അനുപമയുമുള്ളത്. ഇവിടെ അമ്മയും മകളും ഒരുമിച്ച് ഒരു സെല്ലിലാണ്. രണ്ട് തമിഴ്നാട്ടുകാര്‍ കൂടി അവര്‍ക്കൊപ്പം ആ സെല്ലിലുണ്ട്. അനുപമ യൂട്യൂബില്‍ വലിയ താരമായിരുന്നെങ്കില്‍ ജയിലില്‍ അത്തരം പരിപാടികളൊന്നുമില്ല. പുതുവര്‍ഷ ആഘോഷത്തില്‍ പോലും ഒരു പാട്ട് പാടിയില്ല. പത്മകുമാറിന് ജയിലില്‍ പ്രത്യേക ജോലിയൊന്നും ഇല്ലങ്കില്‍ ഇവിടെ അങ്ങിനെയല്ല. ജയിലിനുള്ളില്‍ ശുചീകരിക്കേണ്ടത് തടവുകാരുടെ ഉത്തരവാദിത്തമാണ്. ആ ജോലി പത്മകുമാറും അനുപമയും കൃത്യമായി ചെയ്യാറുണ്ട്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ ലൈബ്രറിയുണ്ട്. അവിടെ നിന്ന് പുസ്തകം എടുത്ത് വായിച്ചാണ് ഇരുവരും തടവ് ജീവിതത്തിലെ സമയം കളയുന്നത്.
മൂവരുടെയും രണ്ട് മാസത്തോളമാകുന്ന ജയില്‍ ജീവിതം ഇങ്ങിനെ പുരോഗമിക്കുമ്പോള്‍ മറ്റൊരു പ്രത്യേകത കൂടി പറയാനുണ്ട്. അറസ്റ്റിലായ ശേഷം മൂവരും ഇതുവരെ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. അതായത് ജയിലില്‍ നിന്ന് പുറത്തിറങ്ങാനുള്ള ശ്രമം ഈ പ്രതികള്‍ ഇതുവരെ നടത്തിയിട്ടില്ല. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കുമെന്ന് പൊലീസ് അറിയിച്ചതോടെ വിചാരണ പൂര്‍ത്തിയാകാതെ ഇനി ജാമ്യം കിട്ടാനുള്ള സാധ്യതയുമില്ല.
ജയിലില്‍ അധികം ആരോടും മിണ്ടാതെ കഴിയുന്ന ഇവര്‍ക്ക് സന്ദര്‍ശകരും വളരെക്കുറവാണ്. പത്മകുമാറിനെ കാണാന്‍ കുറച്ച് നാട്ടുകാരായ സുഹൃത്തുക്കള്‍ എത്തിയിരുന്നു. എന്നാല്‍ അനിതകുമാരിയെയും അനുപമയേയും കാണാന്‍ അങ്ങിനെ അധികമാരും വന്നിട്ടില്ല. കുറ്റപത്രം നല്‍കാറായതോടെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസങ്ങളായി പലതവണ എത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ പൊലീസ് പറയുന്നത് പോലെ പണം സമ്പാദിക്കാനുള്ള കുറുക്കുവഴി തേടി കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഇറങ്ങിയ കുടുംബം അക്ഷരാര്‍ത്ഥത്തില്‍ തടവറയില്‍ ഇരുളടഞ്ഞ ജീവിതത്തിലായിക്കഴിഞ്ഞു.