ഹരിമുരളീരവം പാടി വൈറലായ തെരുവുഗായകൻ ഇനി സിനിമ പാട്ടുകാരൻ. തൃശ്ശൂർ ആനായിക്കൽ സ്വദേശി മനോജിനെയാണ് സിനിമയിൽ പാടാനുള്ള അവസരം തേടിയെത്തിയത്. ശശീന്ദ്ര കെ ശങ്കർ സംവിധാനം ചെയ്യുന്ന ഓറ എന്ന ചിത്രത്തിലൂടെയാണ് മനോജ് പിന്നണിഗായകനാകുന്നത്. പാട്ടിന്റെ റെക്കോർഡിങ്ങിനായി കൊച്ചിയിലെത്തിയ മനോജിനെ നേരിൽ കാണാൻ ആരാധകരുടെ തിരക്കാണ്.
ജീവിതത്തിൽ കുറെ അലഞ്ഞിട്ടുണ്ട് മനോജ്. ആ തെരുവോരങ്ങളിൽ ഒപ്പം ഉണ്ടായിരുന്നത് സംഗീതം മാത്രമായിരുന്നു. പാലക്കാട് ചെമ്പൈ സംഗീത കോളജിലെ രണ്ടാം റാങ്കുകാരനാണ് ഈ പാടുന്നതെന്ന് തിരിച്ചറിയാത്ത, ആളുകൾ അയാളുടെ സ്വരമാധുര്യത്തെ പുകഴ്ത്തി. ഇപ്പോഴിതാ, ലോകത്തിനു മുൻപിൽ രണ്ടാം ജന്മം എന്ന പോലെ പാട്ടുകാരനായി മനോജ്.
ഇന്നത്തെ മനോജിലേക്കുള്ള യാത്ര അത്ര സുഖമുള്ളതൊന്നുമല്ല. 20 വർഷങ്ങൾക്കു മുമ്പ് മാതാപിതാക്കളുടെ മരണത്തെ തുടർന്നാണ് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. ദുരിത കാലം നടന്നു തീർത്ത മനോജ് ഇനി അറിയപ്പെടാൻ പോവുക പിന്നണിഗായകൻ എന്ന പേരിൽ. പുനലൂർ ശാംനാഥിന്റെ സംഗീതത്തിനാണ് മനോജ് ശബ്ദം നൽകുന്നത്. വാർത്തകളിലൂടെ മനോജിനെ പറ്റി അറിഞ്ഞ അണിയറ പ്രവർത്തകർ മറ്റൊരു ഗായകനായി മാറ്റിവെച്ച പാട്ട് മനോജിനെ ഏൽപ്പിക്കുകയായിരുന്നു. തെരുവിൽ അലഞ്ഞതിന്റെ ആകുലതകൾ ഇപ്പോഴും വേട്ടയാടുന്നുണ്ടെങ്കിലും മനോജിലെ പാട്ടുകാരന് പാടിയേ മതിയാവൂ.
Street singer who went viral after singing harimuraliravam is now a film singer