തിരുവനന്തപുരം കോര്‍പ്പറേഷനിലെ വായ്പാതട്ടിപ്പില്‍ ഒന്നേകാല്‍ കോടിയോളം രൂപ തട്ടിയെടുത്തെന്ന് റിപ്പോര്‍ട്ട്. വിവിധയിടങ്ങളിലായി 30 സ്വയം സഹായസംഘങ്ങള്‍ തട്ടിപ്പിന് ഇരയായതായും കാണിച്ച് വ്യവസായ വികസന ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. തട്ടിയെടുത്ത പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയെന്ന് പ്രതികള്‍ സമ്മതിക്കുന്ന ശബ്ദരേഖ മനോരമ ന്യൂസിന് ലഭിച്ചു. അതിനിടെ മറ്റൊരു പ്രതി കൂടി കസ്റ്റഡിയിലായി.

ചെറിയതുറയിലെ അഞ്ച് സംഘങ്ങളുടെ പരാതിയില്‍ നിന്ന് തുടങ്ങിയ അന്വേഷണം തിരുവനന്തപുരം കോര്‍പ്പറേഷന്‍ സമീപകാലത്ത് കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിലേക്ക് വളരുകയാണ്. അതിന്റെ സൂചനയാണ് വ്യവസായ വികസന ഓഫീസറുടെ റിപ്പോര്‍ട്ടിലുള്ളത്.

ഏഴ് സ്വയം സഹായസംഘങ്ങളില്‍ നിന്നായി 35 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്ന വ്യവസായ വികസന വിഭാഗത്തിന്റെ അന്വേഷണത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനഘട്ടത്തില്‍ അനുവദിച്ച 30 വായ്പകള്‍ തട്ടിപ്പെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഒന്നേകാല്‍ കോടിയോളം രൂപ തട്ടിപ്പുകാരുടെ കയ്യിലായി. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. തട്ടിപ്പിന്റെ ആഴം വലുതെന്ന് വ്യക്തമാക്കുന്നതാണ് പ്രതികളുടെ ശബ്ദരേഖ. തട്ടിയെടുത്ത പണം ആരുടെയെല്ലാം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് അറസ്റ്റിലായ അനുവും മറ്റൊരു സ്ത്രീയും തമ്മില്‍ സംസാരിക്കുകയാണ്

അതിനിടെ ചെറിയതുറയിലെ സ്ത്രീകളെ വായ്പയെടുക്കാനായി പ്രേരിപ്പിച്ച് തട്ടിപ്പിന് തുടക്കമിട്ട ഗ്രേസി പൊലീസ് കസ്റ്റഡിയിലായി. ഇതോടെ രണ്ട് പേര്‍ പിടിയിലായെങ്കിലും മുഖ്യകണ്ണികള്‍ ഒളിവിലാണ്.

one and a quarter crores of rupees were stolen in the Thiruvananthapuram Corporation loan fraud