ഹിന്ദിയും ഉറുദുവും മാത്രമല്ല മലയാളവും മണി മണിയായി പറയും ഈ ഉത്തർപ്രദേശുകാരി പെൺകുട്ടി. കേരളത്തിലുള്ള സബീഹയുടെ മാതൃഭാഷയെക്കുറിച്ച് ചോദിച്ചാൽ ഈ മൂന്ന് ഭാഷകളും ഉത്തരമായി വരും. റവന്യൂ ജില്ല കലോത്സവത്തിൽ ഉറുദു പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ സബീഹ കൊല്ലത്തും ഒന്നാമതാകാനുള്ള ശ്രമത്തിലാണ്.
വീട്ടിൽ എല്ലാവരും ഹിന്ദിയും ഉർദുമാണ് സംസാരിക്കാറ്. പക്ഷേ, സബീഹയ്ക്ക് മലയാളം കഴിഞ്ഞേ മറ്റെന്തുമുള്ളൂ. എറണാകുളം സെന്റ് മേരീസ് സിജിഎച്ച്എസ്എസിലെ 9-ാം ക്ലാസുകാരിയാണ് സബീഹ. മലയാളത്തോടാണ് പ്രണയം എങ്കിലും, നേട്ടങ്ങളൊക്കെ ഉറുദുഭാഷയിലാണ്. ഉർദു പദ്യം ചൊല്ലലിലും പ്രസംഗമത്സരത്തിലും തുടർച്ചയായ വിജയങ്ങൾ. റവന്യൂ ജില്ലാ കലോത്സവത്തിൽ ഉറുദു പ്രസംഗ മത്സരത്തിൽ ഒന്നാമത് എത്തിയാണ് കൊല്ലത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
ആഗ്ര സ്വദേശിയായ പിതാവ് നസറുല്ല 20 വർഷത്തിലേറെയായി കേരളത്തിലാണ്. അമ്മ സീമയ്ക്കും സഹോദരങ്ങൾക്കൊപ്പം കലൂരിലെ കൊച്ചു വീട്ടിൽ ഇല്ലായ്മകളോട് പടവെട്ടിയാണ് സബീഹയുടെ ജീവിതം. പഠിച്ച് ജോലി വാങ്ങിയ ശേഷം കേരളത്തിൽ തന്നെ തുടരാനാണ് ആഗ്രഹം. ആ സ്വപ്നത്തിലേക്കുള്ള യാത്രയിൽ സബീഹക്ക് ആശ്വാസമാകുന്നതാകട്ടെ കലോത്സവവേദികളിലെ വിജയങ്ങളും അഭിനന്ദനങ്ങളും.
Sabeeha aims to win Urdu elocution at State school Kalolsavam