kalaraju-cpm-2

കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിനെ അഭിനന്ദിച്ച്  സി.പി.എം എറണാകുളം ജില്ലാ സമ്മേളനം. പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ലെന്ന് നിലപാട്. പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന അഭിപ്രായത്തിനും സമ്മേളനത്തില്‍ അംഗീകാരം.  

 

കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യം ലഭിച്ച പ്രവർത്തകർക്ക് സബ് ജയിലിനു മുൻപിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു. കേസിലെ 6 മുതൽ 9 വരെ പ്രതികളായ സിപിഎം ചെള്ളക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി. മോഹൻ, പാർട്ടി അംഗങ്ങളായ ഇലഞ്ഞി വെള്ളാനിൽ ടോണി ബേബി , കിഴകൊമ്പ് തൂക്കുപറമ്പിൽ റിൻസ് വർഗീസ്, കൂത്താട്ടുകുളം വള്ളിയാങ്കമലയിൽ സജിത്ത് ഏബ്രഹാം എന്നിവർക്കാണ് മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ജാമ്യം അനുവദിച്ചത്.

കൂറുമാറും എന്ന സംശയത്തിൽ സിപിഎം വനിതാ കൗൺസിലർ കല രാജുവിനെ നഗരമധ്യത്തിൽ നിന്നു സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയത്. ഒരു പകൽ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ നിന്നു കലയെ കണ്ടെത്തുകയായിരുന്നു. സിപിഎമ്മിനും പൊലീസിനുമെതിരെ ആരോപണമുന്നയിച്ച കല, കൂത്താട്ടുകുളം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. പിന്നീടു മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കലയുടെ മക്കളുടെ പരാതിയിൽ സിപിഎം ഏരിയ സെക്രട്ടറി പി.ബി രതീഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.

നഗരസഭാ ചെയർപഴ്സൻ, വൈസ് ചെയർമാൻ എന്നിവർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്‍റെ  വോട്ടെടുപ്പിൽ പങ്കെടുക്കാൻ യുഡിഎഫ് കൗൺസിലർമാർക്ക് ഒപ്പമാണ് 15–ാം വാർഡ് കൗൺസിലറായ കല രാജു എത്തിയത്. തുടർന്നാണ് ഇവരെ സിപിഎം പ്രവർത്തകരുടെ  നേതൃത്വത്തിൽ തൂക്കിയെടുത്ത് നഗരസഭാധ്യക്ഷയുടെ ഔദ്യോഗിക വാഹനത്തിൽ കൊണ്ടുപോയത്. പി.ബി. രതീഷ്, നഗരസഭാധ്യക്ഷ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. അനൂപ് ജേക്കബ് എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളുടെ മുന്നിലായിരുന്നു അതിക്രമം.

പാർട്ടിയുമായി അകന്നു നിൽക്കുന്ന കല, അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ യുഡിഎഫിനെ അനുകൂലിക്കുമെന്ന സൂചനയുണ്ടായിരുന്നു. കലയും മറ്റൊരു സ്വതന്ത്ര അംഗവും യുഡിഎഫിനെ തുണച്ചാൽ എൽഡിഎഫിനു നഗരസഭാ ഭരണം നഷ്ടമാകുമായിരുന്നു. 

സ്ത്രീയെന്ന പരിഗണന പോലും നൽകാതെ നഗരമധ്യത്തിൽ തന്‍റെ വസ്ത്രം കീറി വലിച്ചിഴയ്ക്കുകയായിരുന്നു സിപിഎം പ്രവർത്തകരെന്ന് കൗൺസിലർ കലാ രാജു. അവിശ്വാസപ്രമേയ വോട്ടിങ്ങിൽ പങ്കെടുക്കാൻ റോഡിലേക്ക് കാലെടുത്തുവച്ച ഉടൻ  തൂക്കിയെടുത്ത് വണ്ടിയിലേക്ക് എറിഞ്ഞു. തൊണ്ടയിൽ കുത്തിപ്പിടിച്ചു.  കാലുകൾ ഡോറിന്റെ  ഇടയിൽ കുരുങ്ങി വേദനിച്ചപ്പോൾ പാർട്ടി ഓഫിസിലെത്തിയിട്ട് വെട്ടിമുറിച്ചു തരാമെന്നാണ് വണ്ടിയിലുണ്ടായിരുന്ന പയ്യൻ പറഞ്ഞത്. ഡിവൈഎഫ്ഐ നേതാവ് അശോകന്റെ നേതൃത്വത്തിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. രാഷ്ട്രീയ നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും കല പറഞ്ഞു.

ENGLISH SUMMARY:

The CPM Ernakulam district conference praised the abduction of Koothattukulam municipal councilor Kalaraju. The party emphasized that there is no need to reconcile with those who betray it. The conference approved the stance that the party had not faltered in its actions. This reflects the party's firm position on internal discipline and loyalty.