ഭരണഘടനാ ആമുഖം പങ്കുവച്ചും, അംബേദ്കറിന്‍റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചും രാമക്ഷേത്ര പ്രതിഷ്ഠാ ദിനം നിലപാട് അറിയിച്ച് മലയാള ചലച്ചിത്ര താരങ്ങള്‍. നടി റിമ കല്ലിങ്കല്‍ മുതല്‍ നടന്‍ ഷെയ്നിഗം വരെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ മൗനം വെടിഞ്ഞു. നിരവധി ആക്ടിവിസ്ടുകളും പ്രതികരണവുമായി എത്തി.
ക്ഷണം സ്വീകരിച്ച് നിരവിധി താരങ്ങള്‍ അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങിന് പങ്കെടുത്തപ്പോള്‍ മറുസ്വരങ്ങളും കേട്ടു ചലച്ചിത്ര ലോകത്ത് നിന്ന്. മലയാളത്തില്‍ നിന്നായിരുന്നു അതിലധികവും. നടിമാരായ റിമ കല്ലിങ്കല്‍ , പാര്‍വതി തിരുവോത്ത്, കനി കുസൃതി, സംവിധായകരായ ജിയോ ബേബി, ആശിഖ് അബു തുടങ്ങിയവര്‍ നവമാധ്യമങ്ങളില്‍ ഭരണഘനയുടെ ആമുഖം പങ്കുവച്ചു. നമ്മുടെ ഇന്ത്യയെന്ന് കൂപ്പുകയ്യോടെ എഴുതി, നീതിയും സമത്വസാഹോദര്യവും ഓര്‍മ്മിപ്പിച്ചു. മതേതര ജനാധിപത്യ രാജ്യമെന്നും കുറിച്ചു. പി.എന്‍.ഗോപീകൃഷ്ണന്‍റെ ‘ 1992 –ഡിസംബര്‍–5 ’ എന്ന കവിത പങ്കുവച്ച് ഗായിക രഷ്മി സതീഷ് പ്രതികരിച്ചപ്പോള്‍.. ‘മതം ആശ്വാസമാകാം, ആവേശമാകരുത് ’ എന്നെഴുതി നിര്‍ത്തി ഗായകന്‍ വിധുപ്രതാപ്. ‘മനുഷ്യന്‍ മതങ്ങളെയും മതങ്ങള്‍ ദൈവങ്ങളെയും സൃഷ്ടിച്ചു, ഇപ്പോള്‍ മനുഷ്യരെ മാത്രം കാണുന്നില്ലെന്ന്’ ഗായിക സയനോര. ഭരണഘടനാ ശില്‍പി ബി.ആര്‍.അംബേദ്കറെ ഓര്‍ത്തെടുത്തായിരുന്നു നടന്‍ ഷെയ്ന്‍ നിഗം പ്രതികരിച്ചത്. ‘പഴയ സുഹൃത്തുക്കള്‍ പുതുരൂപത്തിലെത്തുമെന്ന്’ സൂചിപ്പിച്ച അംബേദ്കര്‍ പ്രസംഗശകലം ഷൈന്‍ പങ്കുവച്ചു. താരങ്ങളുടെ പ്രതികരണങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറ്റുപിടിക്കുയാണ് സോഷ്യല്‍ ലോകം.