TAGS

കൊച്ചി കണ്ടെയ്നര്‍ റോഡിലെ പാലങ്ങളുടെ ബലപരിശോധനയ്ക്കായി പൈല്‍ ഇന്‍റഗ്രിറ്റി ടെസ്റ്റ് നടത്താന്‍ നീക്കം. പൈല്‍ നിര്‍മാണത്തിലടക്കം വീഴ്ചയുണ്ടായെന്ന പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അപകടാവസ്ഥയിലായ കോതാട് പാലത്തിന്‍റെ തൂണുകള്‍ താല്‍ക്കാലികമായി ബലപ്പെടുത്താനും തീരുമാനിച്ചു. 

 

കൊച്ചി കണ്ടെയ്നര്‍ റോഡിലെ കോതാട് പാലം അപകടാവസ്ഥയിലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇതേ പാതയിലെ മറ്റ് പാലങ്ങളും പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ലവണാംശമുള്ള വെള്ളത്തില്‍നില്‍ക്കുന്ന പൈലുകളുടെ നിര്‍മാണം മാനദണ്ഡപ്രകാരമാണോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. കോതാട് പാലത്തില്‍ വിദഗ്ധര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിര്‍മാണത്തിലെ പിഴവ് വ്യക്തമായിരുന്നു. പാലങ്ങളുടെ തൂണുകള്‍ ഉറപ്പിക്കുന്ന പൈലുകള്‍ ചുരുങ്ങിയത് അറുപത് വര്‍ഷമെങ്കിലും ഒരു കേടുപാടുംകൂടാതെ നില്‍ക്കണം. പതിമൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള കോതാട് പാലത്തിന്‍റെ പൈലുകളുടെ കോണ്‍ക്രീറ്റ് ദ്രവിച്ച് കമ്പികള്‍ മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ പൈല്‍ ഇന്‍റഗ്രിറ്റി ടെസ്റ്റ് നടത്തി വിശദമായ റിപ്പോര്‍ട്ട് തയാറാക്കും.

വിദഗ്ധരുമായി ദേശീയപാതാ അതോറിറ്റി ചര്‍ച്ച നടത്തുന്നുണ്ട്. അധിക പൈലുകള്‍ അടിച്ച് കോതാട് പാലം ബലപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇതിന് ശേഷമായിരിക്കും തീരുമാനം എടുക്കുക. നിലവില്‍ ദ്രവിച്ച ഭാഗത്ത് മൈക്രോ കോണ്‍‌ക്രീറ്റ്, എപ്പോക്സി കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിച്ച് താല്‍ക്കാലിക ബലപ്പെടുത്തല്‍ സാധ്യമാണോയെന്നും പരിശോധിക്കുന്നുണ്ട്. അറ്റകുറ്റപ്പണി കഴിയുന്നതുവരെ പാലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം തുടരും.

 

 

Moved to conduct pile integrity test for strength testing of container road bridges