സ്വകാര്യ ആശുപത്രി നടത്തിപ്പിനായി വൻ തുക നിക്ഷേപം വാങ്ങിയ ശേഷം നിരവധിയാളുകളെ കബളിപ്പിച്ചതായി ആക്ഷേപം. മണ്ണാർക്കാട് കുന്തിപ്പുഴയിലുള്ള സ്വകാര്യ ആശുപത്രി മാനേജ്മെന്‍റിനെതിരെയാണ് നിക്ഷേപകർ പൊലീസിൽ പരാതി നൽകിയത്. കൊടുത്ത പണം തിരികെ നൽകാൻ തയ്യാറാവുന്നില്ലെന്ന് മാത്രമല്ല വാഗ്ദാനം ചെയ്ത ചികിൽസാ സഹായം പൂർണമായും മുടങ്ങിയെന്നും ആക്ഷേപമുണ്ട്.
രണ്ടര വർഷം മുൻപാണ് പയ്യനടം സ്വദേശി മുഹമ്മദ് റിഷാദും കുടുംബാംഗങ്ങളും ചേർന്ന് കുന്തിപ്പുഴയോട് ചേർന്ന് സ്വകാര്യ ആശുപത്രി ആരംഭിച്ചത്. ജീവനക്കാരെ ഉപയോഗിച്ച് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന ചികില്‍സ സേവനങ്ങൾ, സർക്കാരിന്‍റെ ആരോഗ്യ ഇൻഷൂറൻസ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ എന്നിവ ഉറപ്പ് നൽകിക്കൊണ്ട് മണ്ണാർക്കാട്ടെയും, സമീപ പ്രദേശങ്ങളിലെയും നിരവധി ആളുകളിൽ നിന്നും നിക്ഷേപം വാങ്ങി. നാട്ടിലെ സംരംഭമെന്ന നിലയിൽ പലരും പണം നിക്ഷേപിക്കാൻ തയ്യാറായി. ഇതിനിടയിലാണ് ആശുപത്രിയുടെ പ്രവർത്തനം ഭാഗികമായി നിലയ്ക്കുന്ന മട്ടിലേക്കെത്തിയത്. ആയിരത്തിലധികം നിക്ഷേപകർക്ക് ലക്ഷങ്ങൾ കിട്ടാനുണ്ടെന്നാണ് ആക്ഷേപം.
20 കോടിയിലധികം രൂപ പൊതുജനങ്ങളിൽ നിന്നും സാമ്പത്തിക സമാഹരണം നടത്തി വേണ്ടത്ര ചികില്‍സാ സൗകര്യങ്ങളോ സേവനങ്ങളോ മതിയായ ഡോക്ടർമാരോ മറ്റൊന്നും ഇല്ലാതെയാണ് ആശുപത്രി പ്രവർത്തിച്ചു വന്നിരുന്നതെന്നും പരാതിക്കാർ പറയുന്നു.
ഒരു ലക്ഷം മുതല്‍ 25 ലക്ഷം വരെ നിക്ഷേപം നടത്തിയവരുണ്ട്. ആശുപത്രി അധികൃതരെ ബന്ധപ്പെടുമ്പോള്‍ വ്യക്തമായ മറുപടിയില്ല. ചില നിക്ഷേപകര്‍ക്ക് നല്‍കിയ ചെക്കുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാനും കഴിയുന്നില്ല. മണ്ണാർക്കാട് പൊലീസിലും നവകേരള സദസിലും നൽകിയ പരാതിയിൽ നടപടി വൈകുന്നതായും ആക്ഷേപമുണ്ട്. നേരത്തെ നിരവധി തവണ പണം ആവശ്യപ്പെട്ട് ആശുപത്രിയിലെത്തിയ നിക്ഷേപകരുമായി മാനേജ്മെന്‍റെ പ്രതിനിധികൾ തർക്കിക്കുന്ന ദൃശ്യങ്ങളും പരാതിക്കാർ പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതിസന്ധി മറികടന്ന് നിക്ഷേപകർക്ക് പണം നൽകാൻ ശ്രമം തുടരുന്നുവെന്ന് മാത്രമാണ് ആശുപത്രി നടത്തിപ്പുകാരുടെ പ്രതികരണം.
Hospital fraud in Palakkad; investors filed a complaint with the police