robin-bus-087

പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ തടസമില്ലാതെ ഓടി  ഒരു മാസമെത്തുമ്പോള്‍ റോബിന്‍ ബസ് കെ.എസ്.ആര്‍.ടി.സിക്ക് മുന്നിലോടാന്‍ സമയം മാറ്റുന്നു. യാത്ര ഇനി അടൂര്‍ വരെ നീട്ടും. കഴിഞ്ഞ മാസം 26ന് ക്രിസ്മസ് പിറ്റേന്നാണ് നിരന്തര പരിശോധനകള്‍ക്കും പിടിച്ചെടുക്കലുകള്‍ക്കും ഒടുവില്‍ കോയമ്പത്തൂരിന് സര്‍വീസ് തുടങ്ങിയത്. 

 

നിലവില്‍ പത്തനംതിട്ടയില്‍ നിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ട് 12ന് കോയമ്പത്തൂര്‍ എത്തുകയും വൈകീട്ട് അഞ്ചിന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി പന്ത്രണ്ടിന് പത്തനംതിട്ടയിലെത്തുന്ന തരത്തിലാണ് ഷെഡ്യൂള്‍. പുതിയ ഷെഡ്യൂള്‍ പ്രകാരം ഇനി പുലര്‍ച്ചെ മൂന്നരയ്ക്ക് അടൂരില്‍ നിന്നു തുടങ്ങും. നാലിന് പത്തനംതിട്ടയെത്തും. കോയമ്പത്തൂരില്‍ നിന്ന് തിരികെയുള്ള യാത്ര വൈകിട്ട് ആറിനാക്കും, ഫെബ്രുവരി ഒന്നു മുതലാണ് മാറ്റം.

 

എല്ലാ ദിവസവും പുലര്‍ച്ചെ മുടങ്ങാതെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ഉണ്ട്. വാളയാറിലും പരിശോധിക്കും. അതേ സമയം രാവിലെ 5.30ന് ആണ് കെ.എസ്.ആര്‍.ടിസിയുടെ കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുന്നത്. യാത്രയ്ക്കിടെ മൂന്നു ദിവസം ബസ് തകരാറിലായിരുന്നു. പുതിയ ബസ് അനുവദിച്ചിട്ടുമില്ല. നിറയെ ആളുമായാണ് കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്തുന്നത്.

 

Time schedule of Robin bus service changes.