ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ സി.ആര്‍.പി.എഫിന് കൈമാറിയതോടെ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗവര്‍ണര്‍ക്ക് കേന്ദ്രസേന സുരക്ഷ ഒരുക്കുന്നത്. സി.ആര്‍.പി.എഫിന്റെ കോബ്ര വിഭാഗത്തില്‍പെട്ട 65 കമാന്‍ഡോകളാവും സുരക്ഷ ഏറ്റെടുക്കുക. ഇവരുണ്ടെങ്കിലും പൊലീസ് നിലവില്‍ ഒരുക്കുന്ന സുരക്ഷാ നടപടികള്‍ അതേപടി തുടരും. ഏറ്റവും ഉയര്‍ന്ന സുരക്ഷയായ Z+ സുരക്ഷ സംസ്ഥാനത്തുള്ളത് രണ്ട് പേര്‍ക്കാണ്, മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും. ആ സുരക്ഷയ്ക്ക് പുറമേയാണ് കേന്ദ്രസേനകൂടി എത്തുന്നത്. ഇതോടെ സംസ്ഥാന ചരിത്രത്തില്‍ ഒരു ഗവര്‍ണര്‍ എന്നല്ലാതെ ഒരു മനുഷ്യനും കിട്ടിയിട്ടില്ലാത്ത സുരക്ഷയാവും ഇനി ആരിഫ് മുഹമ്മദ് ഖാന് ഉണ്ടാവുക. പള്ളിപ്പുറം ക്യാംപില്‍ നിന്നുള്ള 30 സി.ആര്‍.പി.എഫ് ഭടന്‍മാര്‍ ഇതിനകം രാജ്ഭവനിലെത്തിയിട്ടുണ്ട്. ഇതുകൂടാതെ ബെംഗളൂരുവില്‍ നിന്നുള്ള കമാന്‍ഡോ സംഘം കൂടിയെത്തും. കോബ്ര വിഭാഗത്തില്‍പെടുന്ന ഇവര്‍ക്ക് തോക്കും ആയുധങ്ങളും ഉപയോഗിക്കാനുള്ള അധികാരമുണ്ട്. മൂന്ന് തരം സുരക്ഷയാവും ഇവര്‍ നോക്കുക. ഒന്ന് രാജ്ഭവന്റേത് രാജ്ഭവന്റെ ഗേറ്റ് മുതലുള്ള പൂര്‍ണ സുരക്ഷ ആയുധധാരികളായ ഇവര്‍ ഏറ്റെടുക്കും.രാജ്ഭവനിലേക്കുള്ള പ്രവേശനം ഉള്‍പ്പടെ ഇവര്‍ നിയന്ത്രിക്കും. പക്ഷെ ഗേറ്റിന് പുറത്ത് കേരള പൊലീസ് തന്നെയാവും നില്‍ക്കുക. നാട്ടുകാരെ പരിശോധിക്കാനും തടയാനുമുള്ള അധികാരം പ്രാദേശിക പൊലീസെന്ന നിലയില്‍ കേരള പൊലീസിനായിരിക്കും.രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നാല്‍ അത് നിയന്ത്രിക്കുന്നതും പൊലീസ് തന്നെയാണ്.
രണ്ടാമത്തേത് ഗവര്‍ണറുെട യാത്രയാണ്. ഗവര്‍ണര്‍ക്ക് മുന്നില്‍ ഒരു പൈലറ്റും രണ്ട് എസ്കോര്‍ട്ട് വാഹനത്തിലുമായി സി.ആര്‍.പി.എഫ് കമാന്‍ഡോകള്‍ സഞ്ചരിക്കും. ഗവര്‍ണറെ ആരും ആക്രമിക്കാതെ തടയുകയാണ് ഇവരുെട ലക്ഷ്യം. അതിനാല്‍ പ്രതിഷേധക്കാര്‍ വാഹനം തടയുകയോ വാഹനത്തിന് അടുത്തേക്ക് കുതിച്ചെത്തുകയോ െചയ്താല്‍ ഇവര്‍ക്ക് നേരിടാം. എന്നാല്‍ വഴിയില്‍ എവിടെങ്കിലും ആരെങ്കിലും പ്രതിഷേധിക്കാന്‍ നിന്നാല്‍ അവരെ ഒഴിവാക്കാനോ നേരിടാനോ സി.ആര്‍.പി.എപിന് പറ്റില്ല. അത് കേരള പൊലീസ് തന്നെ ചെയ്യണം. കേസെടുക്കുന്നതും പൊലീസാണ്.
മൂന്നാമത്തേത് വേദിയിെല സുരക്ഷയാണ്. വേദിയുടെ നിയന്ത്രണം ഇനി സി.ആര്‍.പി.എഫിനായിരിക്കും. വേദിക്ക് അരികിലേക്കുള്ള പ്രവേശനമെല്ലാം ഇവര്‍ നിയന്ത്രിക്കും. ചുരുക്കത്തില്‍ ഗവര്‍ണര്‍ക്ക് ഏറ്റവും അടുത്ത് നിന്ന് ഗവര്‍ണറെ ആരും ആക്രമിക്കാതെ സുരക്ഷ ഒരുക്കലാണ് കേന്ദ്രഏജന്‍സിയുടെ ചുമതല. മറ്റ് സുരക്ഷാ നടപടികളെല്ലാം നിലവിലേത് പോലെ പൊലീസ് തുടരണം. അതിനാല്‍ കേന്ദ്രസേന വന്നാലും പൊലീസ് ഇപ്പോളത്തേത് പോലെ ഗവര്‍ണര്‍ക്ക് ഒപ്പമുണ്ടാകും. കേന്ദ്രസേന വരുന്നതോടെ രണ്ട് കാര്യങ്ങള്‍ നിര്‍ണായകമാകും. പ്രതിഷേധം കാണുമ്പോള്‍ നിലമേലിലേത് പോലെ റോഡിലേക്ക് ചാടിയിറങ്ങാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ല. വാഹനത്തില്‍ കയറാന്‍ സി.ആര്‍.പി.എഫ് നിര്‍ദേശിച്ചാല്‍ അത് അനുസരിക്കേണ്ടത് സുരക്ഷാ പ്രോട്ടോക്കോളിന്റെ മര്യാദയാവും. അതുപോലെ ഏതെങ്കിലും സുരക്ഷാ പ്രശ്നം ഉണ്ടാവുകയും അത് പൊലീസിന്റെ വീഴ്ചയാണെന്ന് കാണിച്ച് സി.ആര്‍.പി.എഫിന്റെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയാല്‍ കേരള പൊലീസും സംസ്ഥാനവും വെട്ടിലാവുകയും ചെയ്യും.
first time in the state's history that the central army has provided security to a governor