കയ്യില്‍ പണമില്ലാത്തതിനാല്‍ നാട്ടുകാരുടെ സഹായവും സ്വകാര്യനിക്ഷേപവും പ്രതീക്ഷിച്ച് സംസ്ഥാന ബജറ്റ്. മൂന്നുവര്‍ഷം കൊണ്ട് മൂന്നുലക്ഷം കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച ബജറ്റില്‍, നിര്‍ണായക നയംമാറ്റവുമായി. ഇതിന് സ്വകാര്യമേഖലയെ ആണ് ആശ്രയിക്കുന്നത്. വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, പരിചരണം, ആരോഗ്യം, കായികം എന്നീ മേഖലകളിലാണ് വലിയ തോതില്‍ സ്വകാര്യ നിക്ഷേപം പ്രതീക്ഷിക്കുന്നത്. 

ക്ഷേമപെന്‍ഷന്‍ പോലും നല്‍കാന്‍ ഗതിയില്ലാത്ത സ്ഥിതിയില്‍, പദ്ധതികള്‍ക്ക് മുടക്കാന്‍ പണമില്ലാത്തതിനാല്‍ സ്വകാര്യമേഖലയ്ക്കായി ചുവപ്പ് പരവതാനി വിരിച്ചിരിക്കുകയാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പുതുതലമുറ നിക്ഷേപ മാതൃകകളാണ് ബജറ്റിലുടനീളം. ടൂറിസം, വിദ്യാഭ്യാസം, വ്യവസായം, പരിചരണം, ആരോഗ്യം, കായികം എന്നീ മേഖലകളിലാണ് പ്രധാനമായി സ്വകാര്യനിക്ഷേപം പ്രതീക്ഷിക്കുന്നത്. ദേശീയ–അന്തര്‍ദേശീയ തലത്തിലെ ഇവന്‍റുകള്‍ക്ക് വേദിയാകാന്‍ തക്കവിധമുള്ള കണ്‍വന്‍ഷന്‍ സെന്‍ററുകള്‍ നിര്‍മിക്കും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെയും ബാങ്കുകളെയും സഹകരിപ്പിച്ച് നിക്ഷേപത്തിന് തയ്യാറുള്ളവര്‍ക്ക് പലിശ കുറഞ്ഞ വായ്പ ലഭ്യമാക്കും. ഒരു വര്‍ഷത്തിനകം  5000 കോടി നിക്ഷേപം പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുത്ത 20 ഇടങ്ങളില്‍ 500 ല്‍ കൂടുതല്‍ ആളുകള്‍ക്ക് കൂടിച്ചേരാന്‍ സൗകര്യമൊരുക്കുന്നത് സ്വകാര്യ പങ്കാളിത്തത്തോടെയാണ്. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും. തളിപ്പറമ്പ് നാടുകാണിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ 300 കോടി ചെലവിട്ട് സഫാരി പാര്‍ക്ക് തുടങ്ങും. വിദേശികള്‍ ഉള്‍പ്പെടുയുള്ള വയോജനങ്ങള്‍ക്കായി കെയര്‍ സെന്‍ററുകള്‍ തുടങ്ങാന്‍ സ്വകാര്യ മേഖലയെ ക്ഷണിച്ചിരിക്കുകയാണ് ധനമന്ത്രി.

സംസ്ഥാനത്ത് വിദേശസര്‍വകലാശാല ക്യാംപസുകള്‍ സ്ഥാപിക്കാന്‍ വന്‍ ഇളവുകളോടെ ഏകജാലക ക്ലിയറന്‍സ് പ്രഖ്യാപിച്ചു. സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്ട്രേഷന്‍ നിരക്കുകളിലും ഇളവ്, വൈദ്യതിക്കും വെള്ളത്തിനും സബ്സിഡി, നികുതി ഇളവുകള്‍, മൂലധനത്തിന് മേല്‍ നിക്ഷേപ സബ്സിഡി എന്നിവ എല്ലാം ഉള്‍പ്പെട്ട പുതിയ നിക്ഷേപ നയമാണ് വരുന്നത്. തീര്‍ന്നില്ല, സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകളും തുടങ്ങും. 25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ഇക്കൊല്ലം വരും. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തി ചൈനീസ് മാതൃകയില്‍ പ്രത്യേക വികസന സോണുകള്‍ സൃഷ്ടിക്കും. പ്രവാസി മലയാളികള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചും സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ചുമാകും ഈ പദ്ധതി. വിഴിഞ്ഞത്തിന്‍റെ സാധ്യത പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ തുടങ്ങുന്നതിന് രാജ്യാന്തര നിക്ഷേപ സംഗമം നടത്തും.  കുടുംബശ്രീയിലുമുണ്ട് ഇത്തവണ സ്വകാര്യ പങ്കാളിത്തം. ഒരു വര്‍ഷം കൊണ്ട് മൂന്നുലക്ഷം സ്ത്രീകള്‍ക്ക് വരുമാനം നല്‍കാന്‍ കെ–ലിഫ്റ്റ് എന്ന പേരിലാണ് ഉപജീവന പദ്ധതി. 430 കോടിയുടെ ഈ പദ്ധതിയിലേക്ക് സ്വകാര്യ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ടും സര്‍ക്കാര്‍ ഉന്നം വയ്ക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ വിദ്യാഭ്യാസ പ്രോത്സാഹന ഫണ്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാന്‍ സന്നദ്ധരായവരെ പ്രതീക്ഷിച്ചാണിത്. ഓണ്‍ലൈനായും സംഭാവന നല്‍കാം. ആരോഗ്യ മേഖലയിലും സര്‍ക്കാര്‍ സുമനസുകളുടെ സഹായം പ്രതീക്ഷിക്കുന്നുണ്ട്. ആശുപത്രികളുടെ വികസനത്തിന് പണം നല്‍കാന്‍ സന്നദ്ധരായവരില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിന് ആരോഗ്യ സുരക്ഷാ ഫണ്ട് ആവിഷ്കരിച്ചിരിക്കുകയാണ് ധനമന്ത്രി. ഇത്തവണത്തെ ബജറ്റില്‍ കിഫ്ബി പദ്ധതികള്‍ കാര്യമായൊന്നും ഇല്ല. പകരമാണ് ജനങ്ങളില്‍ നിന്ന് സഹായം തേടിയും സ്വകാര്യമേഖലയെ മുന്‍നിര്‍ത്തിയും പദ്ധതികള്‍ പ്രഖ്യാപിച്ചത്. എല്ലാത്തിനും സഹായം മാത്രം ചെയ്ത് സര്‍ക്കാരും. 

State budget expecting local help and private investment