budgetmedicine-1-

അവയവമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയരായ പതിനായിരത്തിലേറെ പേരെ സംസ്ഥാന ബജറ്റ് നിരാശരാക്കി. വൃക്കയും കരളും മാറ്റിവച്ചവര്‍ക്ക് നേരത്തെ നല്‍കിയിരുന്ന സൗജന്യമരുന്ന് വിതരണം പുനസ്ഥാപിക്കാന്‍ ഫണ്ടനുവദിക്കാത്തതാണ് ജീവിതം വഴി മുട്ടിക്കുന്നത്. സൗജന്യ മരുന്നു വിതരണത്തിന് ഫണ്ട് നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ തയാറാണങ്കിലും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് തടസമാകുന്നത്.

ഏഴു വര്‍ഷം മുന്‍പ് വൃക്ക മാറ്റി വച്ചതാണ് മലപ്പുറം കൊണ്ടോട്ടി കൊട്ടൂക്കര സ്വദേശി ചോലയ്ക്കല്‍ നസീര്‍ഖാന്‍. എല്ലാ മാസവും 20000 രൂപയുടെ മരുന്നു വേണം. സ്കൂള്‍ ബസ് ജീവനക്കാരനായ നസീര്‍ഖാന് കിട്ടുന്ന ശമ്പളംകൊണ്ട് മരുന്നു വാങ്ങാന്‍പോലും തികയില്ല. മുന്‍പ് മലപ്പുറം ജില്ല പഞ്ചായത്ത് ഭൂരിഭാഗം മരുന്നുകളും സൗജന്യമായി നല്‍കിയെങ്കിലും സര്‍ക്കാര്‍ തടസവാദം ഉന്നയിച്ചതോടെ അതുംനിന്നു. കോവിഡ് കാലത്ത് ഒരു വര്‍ഷത്തോളം സൗജന്യമായി മരുന്നു നല്‍കിയെങ്കിലും അതും നിര്‍ത്തി. 

നസീര്‍ഖാനെ പോലെ മരുന്നിനുളള വക പോലും കണ്ടെത്താനാവാത്ത അവയവം മാറ്റിവച്ച ആയിരക്കണക്കിനു പേര്‍ വേറെയുമുണ്ട്.

വൃക്കയും കരളും മാറ്റി വച്ചവര്‍ക്ക് ആശ്വാസമായി മരുന്ന് സൗജന്യമായി നല്‍കാന്‍ തയാറുളള ഗ്രാമപഞ്ചായ്ത്തുകളും നഗരസഭകളുമുണ്ട്. പക്ഷെ തദ്ദേശസ്വയംഭരണ വകുപ്പ് അനുമതി നല്‍കിയാലെ പ്രായോഗികമാവു.

ബജറ്റില്‍ പരിഗണിച്ചില്ലെങ്കിലും തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ ഉപേക്ഷ കാണിക്കരുതെന്നാണ് ഈ പാവങ്ങളുടെ അപേക്ഷ.