beach-moral-police

കോഴിക്കോട് കോന്നാട് ബീച്ചില്‍ മഹിളാ മോര്‍ച്ചയുടെ സദാചാര ഗുണ്ടായിസം. പൊലീസ് നോക്കി നില്‍ക്കെ ബീച്ചിലുണ്ടായിരുന്ന യുവതി യുവാക്കളെ ചൂലെടുത്ത് ഓടിച്ചു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം എന്ന് ആക്ഷേപിച്ചാണ് മഹിളാ മോര്‍ച്ചയുടെ നടപടി. എന്നാല്‍ മഹിളാ മോര്‍ച്ചയുടെ സദാചാര പൊലീസിങിനെതിരെ പ്രതിഷേധം ശക്തമായി. സംഭവത്തില്‍ പ്രതിഷേധിച്ച് കോന്നാട് ബീച്ചിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തും. 

ബിജെപി വെസ്റ്റ് ഹില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചൂലുമായി എത്തിയത്. സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തിയെങ്കിലും പരാതിയില്ലാത്തതിനെ തുടര്‍ന്ന് കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ബീച്ചില്‍ നിന്ന് യുവതി യുവാക്കളെ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ എഴുന്നേല്‍പ്പിച്ച് വിടുന്നത് കണ്ടിട്ടും ഇടപെടാന്‍ പൊലീസ് തയ്യാറായിരുന്നില്ല. മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരുടെ നീക്കത്തെ പ്രോത്സാഹിപ്പിക്കുന്ന വിധമായിരുന്നു പൊലീസിന്റെ സമീപനം എന്നും ആക്ഷേപം ഉയരുന്നുണ്ട്. 

മഹിളാ മോര്‍ച്ചയുടെ ചൂല്‍ പ്രയോഗത്തെ എതിര്‍ത്ത് ബീച്ചിലുണ്ടായിരുന്ന ചിലര്‍ ശബ്ദമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇവരെ ഭീഷണിപ്പെടുത്തി ബിജെപി വനിതാ നേതാക്കള്‍ ഓടിക്കുകയായിരുന്നു. ചൂല്‍ പ്രയോഗം വരും ദിവസങ്ങളിലും തുടരും എന്നാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പറയുന്നത്. അശ്ലീല കാര്യങ്ങള്‍ക്കും മദ്യപാനത്തിനും ബീച്ചിലേക്ക് വരാന്‍ പാടില്ല എന്നാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ നിലപാട്.  അന്‍പതോളം പേരാണ് ചൂലുമായി കോന്നാട് ബീച്ചിലേക്ക് എത്തിയത്.

Mahila Morcha moral policing in konadu beach