പലവിധ കാരണങ്ങള്‍‍ ചൂണ്ടികാട്ടി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചുള്ള ക്രൂരത തുടര്‍ന്ന് കൊച്ചി ഇപിഎഫ് റീജ്യനല്‍ ഒാഫിസ്. ഉദയംപേരൂര്‍ ഐഒസി പ്ലാന്റില്‍ നിന്ന് ഏഴ് വര്‍ഷം മുന്‍പ് വിരമിച്ച കരാര്‍ തൊഴിലാളികളാണ് ഉദ്യോഗസ്ഥരുടെ കാരുണ്യം കാത്ത് കഴിയുന്നത്. പിഎഫ് വിഹിതവും, പെന്‍ഷനും ലഭിക്കാത്തതില്‍ മനംനൊന്ത് ഈ മാസം ആദ്യമാണ് തൃശൂര്‍ സ്വദേശിയായ ശിവരാമന്‍ ജീവനൊടുക്കിയത്. 

ഉദയംപേരൂര്‍ ഐഒസി യില്‍ ഇരുപത് വര്‍ഷത്തിലധികം ഹൗസ് കീപ്പില്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു വിദ്യാധരന്‍. ഒരു വര്‍ഷം മുന്‍പ് വിരമിച്ചു. ഇപ്പോള്‍ കാന്‍സര്‍ ബാധിതന്‍. ജീവിതത്തിലെ ഏക സമ്പാദ്യമാണ് പിഎഫ് വിഹിതം. അത് ലഭിക്കാതായതോടെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും സഹായത്തിലാണ് സ്വകാര്യആശുപത്രിയിലെ അര്‍ബുദ ചികിത്സ തുടരുന്നത്.‌

ഉദയംപേരൂര്‍കാരനായ ശിവരാമന്‍ 2017 മുതല്‍ പിഎഫ് ഒാഫിസ് കയറിയിറങ്ങുന്നു. പെന്‍ഷനും ആനുകൂല്യങ്ങള്‍ക്കുമായി. ഗുരുതര ശ്വാസകോശരോഗി കൂടിയാണ് ഇദ്ദേഹം. ഇവരുടെ പിഎഫ് ആനുകൂല്യങ്ങള്‍ അടയ്ക്കുന്നതില്‍ കരാറുകാര്‍ വിഴ്ച വരുത്തിയിട്ടില്ലെന്ന് ഐഒസിയും രേഖകള്‍ സഹിതം ജീവനക്കാരോട് വ്യക്തമാക്കിയത്.  പ്രധാമന്ത്രിക്കും, മുഖ്യമന്ത്രിക്കുമടക്കം പലവട്ടം വിരമിച്ച ജീവനക്കാര്‍ പരാതി നല്‍കിയിട്ടും ഇപിഎഫ് ഒാഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രം കുലുക്കമില്ല. ഗുരുതരരോഗങ്ങള്‌‍ ഉള്ളവരടക്കം കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥരുടെ അലിവിനായി.

Kochi epf regional office denied benefits to employees