കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ തട്ടിക്കൊണ്ടുപോയത് ആയിരത്തിലധികം കുട്ടികളെ. അഞ്ച് വര്‍ഷത്തിനിടെ മാത്രം 1142 കേസുകള്‍ റജിസ്റ്റര്‍ ചെയ്തെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2019 മുതല്‍ 2023 വരെയുള്ള കണക്കാണിത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ (പോക്സോ) കേസുകള്‍ സര്‍വകാല റെക്കോഡിലെത്തിയ വര്‍ഷമായിരുന്നു 2023. ഇതിനു പിന്നാലെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ കേസുകളുടെ കണക്കുകള്‍ പുറത്തുവരുന്നത്.
കേരളം നടുങ്ങിയ ഓയൂരിലെയും ആലുവയിലെയും സംഭവങ്ങളടക്കം 151 കേസുകളാണ് 2023 ല്‍ മാത്രം റജിസ്റ്റര്‍ ചെയ്തത്. 2019 ല്‍ 260, 2020 ല്‍ 195, 2021 ല്‍ 257, 2022 ല്‍ 279 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ കണക്കുകള്‍.
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകള്‍ വര്‍ധിച്ചു വരുന്നതായും നേരത്തേ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. 2023ല്‍ മാത്രം 4641 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പട്ടികജാതി പട്ടികവർഗ നിരോധന നിയമപ്രകാരമുള്ള കേസുകള്‍, സൈബർ കുറ്റകൃത്യങ്ങൾ, വഞ്ചനക്കേസുകള്‍ എന്നിവയും ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത വര്‍ഷമാണ് 2023.
Child Missing Cases In Kerala