സംസ്ഥാനത്തെ മിക്കവാറും മണ്ഡലങ്ങളിലെയും സിപിഎം സ്ഥാനാർഥികളുടെ പേരുകൾ പുറത്തുവന്നിട്ടും അതീവ രഹസ്യമായിരുന്നു എറണാകുളത്തെ സ്ഥാനാർഥി. ആ പേരു പുറത്തുവരുമ്പോൾ അണികൾക്കു പതിവു ഞെട്ടൽ ഉണ്ടായുമില്ല. വനിതാ സ്ഥാനാർഥി വേണമെന്ന നേതൃത്വത്തിന്റെ ആവശ്യം. പാർട്ടി ചിഹ്നത്തിൽ പാർട്ടി സ്ഥാനാർത്ഥി. ലാറ്റിൻ വിഭാഗത്തിൽ നിന്നുള്ള ആൾ. ഇതെല്ലാം ചേർന്നപ്പോഴാണ് എറണാകുളത്ത് കെ. ജെ. ഷൈൻ സ്ഥാനാർഥിയായത്.
പാർട്ടി സ്ഥാനാർഥിയെ പ്രതീക്ഷിച്ചിരിക്കുന്ന അണികൾക്കു മുന്നിൽ സ്വതന്ത്ര സ്ഥാനാർഥികളെ അവതരിപ്പിക്കുമ്പോൾ അണികളെ കാര്യം പറഞ്ഞു മനസിലാക്കാൻ സിപിഎം മുൻപ് ഏറെ പാടുപെടാറുണ്ട്. പല തിരഞ്ഞെടുപ്പുകൾക്കുശേഷവും വിലയിരുത്തലിൽ അതൊരു ദോഷമായും പറയാറുമുണ്ട്. ഇതെല്ലാം കണക്കിലെടുത്തായിരുന്നു ഇക്കുറി സ്ഥാനാർഥി നിർണയം. സമുദായ സമവാക്യങ്ങളും രാഷ്ട്രീയ ബന്ധവും പൊതു പ്രവർത്തന മികവും എല്ലാം പരിഗണിച്ചുള്ള സ്ഥാനാർഥി നിർണയം. പുതിയ സ്ഥാനാർഥിയെ സ്വീകരിക്കാൻ പാർട്ടി അണികൾക്കും ഉത്സാഹം. വിജയവും സ്ഥാനാർഥി നേടുന്ന വോട്ടും പാർട്ടിക്കു പ്രധാനമാണ്. ദേശീയ പാർട്ടിയെന്ന അംഗീകാരം നിലനിർത്താൻ കേരളത്തിൽ നിന്നു പരമാവധി വോട്ടു നേടേണ്ടതുണ്ട്.
പാർട്ടി ചിഹ്നത്തിൽ തന്നെ സ്ഥാനാർഥിയെന്ന അന്വേഷണം ആ വഴിക്കാണു നീണ്ടത്. യുഡിഎഫ് കോട്ടയായ എറണാകുളത്ത് ഇടതു വനിതാ സ്ഥാനാർഥി പരീക്ഷണം വിജയം കാണുമോ എന്ന് കണ്ടു തന്നെ അറിയാം. വലതു മാറി ഇടത്തേയ്ക്കെത്തിയ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.വി തോമസിൻ്റെ മാറ്റം ഗുണപരമായോ എന്നും ഈ തിരഞ്ഞെടുപ്പു പറയും. കുമ്പളങ്ങിയും, എറണാകുളവും ഒക്കെ ഉൾപ്പെട്ടതാണ് എറണാകുളം ലോക്സഭാ മണ്ഡലം എന്നതുകൊണ്ട് കെ.വി തോമസിന്റെ വ്യക്തി സ്വാധീനവും തിരഞ്ഞെടുപ്പിൽ പ്രകടമാകും. ഇക്കുറിയും ഏകപക്ഷീയമായ മണ്ഡലം നിലനിർത്താം എന്നതാണ് യുഡിഎഫിന്റെയും ഹൈബി ഈഡന്റെയും പ്രതീക്ഷ.
KJ Shine; CPM's surprise candidate in Ernakulam