തിരുവനന്തപുരം കോര്‍പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ എല്‍.ഡി.എഫ് നേടിയത് ഉജ്വല വിജയം. കഴിഞ്ഞ തവണ ബിജെപി 506 വോട്ടുകള്‍ക്ക് ജയിച്ച വാര്‍ഡാണ് 151 വോട്ടുകള്‍ക്ക് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. സി.പി.ഐയിലെ പനത്തറ ബൈജുവാണ് ഇവിടെ ജയിച്ചത്.
പട്ടികജാതി ഫണ്ട് വിവാദം, മേയറുടെ നിയമന കത്ത് വിവാദം, ആറ്റുകാല്‍പൊങ്കാല ഫണ്ട് വകമാറ്റിയത്, നഗരത്തിലെ റോഡുകള്‍ കുത്തിപൊളിച്ചിട്ടത് എന്നിങ്ങനെ എണ്ണമറ്റ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സമയത്തും വെള്ളാര്‍ വാര്‍ഡില്‍ നേടിയ വിജയം എല്‍.ഡി.എഫിന്‍റെ സംഘടനാ കരുത്തിന്‍റെ തെളിവായി. തുടര്‍ച്ചയായ രണ്ടാം ഉപതിരഞ്ഞെടുപ്പ് വിജയമാണ് ഭരണ പക്ഷം ഇവിടെ നേടുന്നത്. നേരത്തെ മുട്ടട വാര്‍ഡിലും വിജയിച്ചത് എല്‍.ഡി.എഫായിരുന്നു.
ബിജെപി കൗണ്‍സിലറായിരുന്ന നെടുമം മോഹന്‍റെ മരണത്തെ തുടര്‍ന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. സിപിഐ സ്ഥാനാര്‍ഥി പനത്തറ ബൈജു 1845 വോട്ടും ബിജെപി സ്ഥാനാര്‍ഥി 1694 വോട്ടും നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 444 വോട്ടുമാത്രമേ നേടാനായുള്ളു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സിപിഎം– കോണ്‍ഗ്രസ് ധാരണയെന്നാണ് ബിജെപി ആരോപണം.
BJP lost in Vellar ward of Thiruvananthapuram Corporation, LDF won