കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവു ചാടിയ ലഹരി കേസ് പ്രതി ഹർഷാദ് പിടിയിൽ. തമിഴ്നാട് മധുരയിലെ കാരക്കുടിയിൽ നിന്നാണ് പ്രതിയെ കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. ജനുവരി 14 നാണ് ജയിലിലെ പത്രക്കെട്ട് എടുക്കാൻ പോയ വഴി ഹർഷാദ് ജയിൽ ചാടിയത്.
ഹർഷാദിനു താമസസൗകര്യമൊരുക്കിയ സുഹൃത്ത് തമിഴ്നാട് ശിവഗംഗ സ്വദേശി അപ്സരയേയും (21) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ശിവഗംഗ ജില്ലയിലെ കാരക്കുടി ഭാരതീയ പുരത്തെ വീട്ടിലായിരുന്നു ഇരുവരും. ഹർഷാദിനെ ജയിൽ ചാടാൻ സൗകര്യമൊരുക്കിയ ബന്ധു ആറ്റടപ്പ സ്വദേശി സി.കെ.റിസ്‌വാനെ (21) ചോദ്യം ചെയ്തതിൽ നിന്നാണ് ഇരുവരെയും കണ്ടെത്താനായത്. പ്രതികളെ റിമാൻഡ് ചെയ്തു
ജയിൽ വകുപ്പ് ഏറെ വിമർശനങ്ങൾ കേട്ട സംഭവത്തിലാണ് ഒരു മാസത്തിന് ശേഷം പ്രതി പിടിയിലായിരിക്കുന്നത്.കോയ്യോട് സ്വദേശി ഹർഷാദിനെയാണ് മധുര കാരക്കുടിയിലെ ഒളിത്താവളത്തിൽ എത്തി കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്.
ഹർഷാദ് ജയിൽ ചാടിയ കേസിൽ റിസ്വാനും പ്രതിയാകും. 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഹർഷാദിന് ജയിലിലെത്തി ഒരു വർഷം പൂർത്തിയാവുന്നതിന് മുൻപ് വെൽഫയർ ഡ്യൂട്ടി നൽകിയതിൽ ജയിൽ അധികൃതർക്ക് വീഴ്ച്ച സംഭവിച്ചതായും കണ്ടെത്തിയിരുന്നു
ജയിൽചാട്ടത്തിനു ശേഷം ഹർഷാദ് ആദ്യം ബെംഗളൂരുവിലാണ് എത്തിയത്. തുടർന്ന് നേപ്പാൾ അതിർത്തി വരെ പോയതായും ഡൽഹിയിലും മഹാരാഷ്ട്രയിലും താമസിച്ചതായും മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീടാണ് തമിഴ്നാട്ടിൽ എത്തിയത്. തമിഴ്നാട്ടിൽനിന്ന് അപ്സരയേയും കൂട്ടി. മൊബൈൽ ഫോണോ എടിഎം കാർഡോ പിന്നീട് ഇവർ ഉപയോഗിച്ചില്ല.
അപ്സരയാണ് ഭാരതീയപുരത്ത് വീട് വാടകയ്ക്കെടുത്തിരുന്നത്. തമിഴ്നാട് ശിവഗംഗയിൽ എത്തിയ ഇരുവരും ആദ്യ നാളിൽ സബ് കലക്ടറുടെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു 2 ആഴ്ച കഴിഞ്ഞു. പിന്നീടാണ് മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറ്റിയത്. ടാറ്റൂ ആർട്ടിസ്റ്റാണ് അപ്സര. നേരത്തേ തലശ്ശേരിയിലെ ടാറ്റൂ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ഹർഷാദിന്റെ സുഹൃത്തിന്റെ സ്ഥാപനത്തിലായിരുന്നു ജോലി. ഇവിടെ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതുമെന്നു പൊലീസ് പറഞ്ഞു. അപ്സര വിവാഹിതയാണ്. ഹർഷാദിനു ഭാര്യയും കുഞ്ഞുമുണ്ട്.