മുന്‍കാമുകന്‍ ഉള്‍പ്പെടെ 14 പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ മുപ്പത്താറുകാരിക്ക് ബാങ്കോക്ക് കോടതി വധശിക്ഷ വിധിച്ചു. 2015 ല്‍ തുടങ്ങിയ കൊലപാതക പരമ്പര അവസാനിച്ചത് കഴിഞ്ഞ ഏപ്രിലില്‍ ഉറ്റസുഹൃത്തിന്‍റെ മരണത്തോടെ. സരാരത്ത് രംഗ്‌സിവുതപോം എന്ന യുവതിയാണ് തായ്‍ലാന്‍ഡിനെ നടുക്കിയ ആ സീരിയല്‍ കില്ലര്‍!
സരാരത്തിന്‍റെ സുഹൃത്തായിരുന്ന സിരിപോം എന്ന യുവതിയുടെ മരണമാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരയിലേക്ക് വെളിച്ചം വീശിയത്. കഴിഞ്ഞ ഏപ്രിലില്‍ സരാരത്തും സിരിപോമും ററ്റചാബുരി പ്രവിശ്യയിലേക്ക് യാത്രപോയി. സഞ്ചാരത്തിനിടെ ഇവിടെ ഒരു നദിക്കരയില്‍ വച്ച് സിരിപോം കുഴഞ്ഞുവീണുമരിച്ചു. പൊലീസ് എത്തുമ്പോള്‍ അവരുടെ ബാഗും പണവും നഷ്ടപ്പെടുകയും ചെയ്തിരുന്നു.
സിരിപോമിന്റെ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ അന്വേഷണം സരാരത്തിലേക്ക് നീണ്ടു. വിശദമായ ചോദ്യം ചെയ്യലില്‍ സരാരത്ത് കുറ്റം സമ്മതിച്ചു. സയനൈഡ് നല്‍കിയാണ് സിരിപോമിനെ കൊലപ്പെടുത്തിയത്. അതിലേറെ പൊലീസിനെ നടുക്കിയത് സരാരത്ത് പിന്നാലെ പറഞ്ഞ കാര്യങ്ങളാണ്. ഇരുചെവിയറിയാതെ നടത്തിയ 13 കൊലപാതകങ്ങള്‍ അവര്‍ വെളിപ്പെടുത്തി. ചൂതാട്ടമായിരുന്നു സരാരത്തിന്‍റെ പ്രധാന വിനോദം. അതിന് പണം കണ്ടെത്താന്‍ ആരെയും കൊന്നുതള്ളും. അതിപ്പോള്‍ കാമുകനായാലും മരണം ഉറപ്പ്. ആളെ തീര്‍ത്തുകഴിഞ്ഞാല്‍ ആരുമറിയാതെ പണവും ആഭരണവും കൈക്കലാക്കും.
സിരിപോമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോള്‍ സയനൈഡിന്റെ അംശം കണ്ടെത്തി. സരാരത്തിന്റെ മറ്റ് ഇരകളും ഇതേ രീതിയിലാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ രണ്ട് വനിതാ പൊലീസുകാരും ഉൾപ്പെടുന്നു. എല്ലാം 33നും 44നും ഇടയിൽ പ്രായമുള്ളവര്‍.
സരാരത്ത് സയനൈഡ് നൽകിയവരിൽ രക്ഷപ്പെട്ടത് ഒരേയൊരു യുവതിയാണ്. തായ്‍ലാന്‍ഡിലെ ഉന്നത പൊലീസ് ഓഫീസറായിരുന്നു സരാരത്തിന്റെ ഭർത്താവ്. ഇരുവരും വേർപിരിഞ്ഞിരുന്നു. സരാരത്തിന്റെ കുറ്റം മറയ്ക്കാൻ ശ്രമിച്ചതിന് ഇയാൾക്ക് ഒരുവര്‍ഷവും അഭിഭാഷകന് രണ്ടുവര്‍ഷവും ജയിൽ ശിക്ഷ വിധിച്ചു.