രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കി ഇഡി. കരുവന്നൂര്‍, മസാലബോണ്ട് കേസുകള്‍ക്ക് പുറമെ പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരായ ക്വാറി ഇടപാട് കേസന്വേഷണവും ഇടവേളയ്ക്ക് ശേഷം ഇഡി സജീവമാക്കി. പി.വി. അന്‍വര്‍, സിപിഎം കൗണ്‍സിലര്‍മാരായ അനൂപ് ഡേവിസ് കാട, മധു അമ്പലപുരം എന്നിവരാണ് ഇന്ന് ഇഡിയുടെ ചോദ്യമുനയില്‍.

കൊച്ചിയിലെ ഇഡി ഓഫിസില്‍ നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത നിലയില്‍ തിരക്ക്. ഒന്നിന് പുറകെ ഒന്നായി വിവിധ കേസുകളിലായി നോട്ടിസ് ലഭിച്ച് ചോദ്യം ചെയ്യലിന് ഹാജരായത് അറുപത് പേരിലേറെ. മസാലബോണ്ട് കേസില്‍ അന്വേഷണം ആരംഭിച്ച് ഒരുവര്‍ഷത്തിലേറെ പിന്നിടുമ്പോള്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ആദ്യമായി ഇഡിക്ക് മുന്നിലെത്തി. ഫിനാന്‍സ് ഡിജിഎം അജോഷ് കൃഷ്ണ, ആര്‍.എസ്. ഹേമന്ത് എന്നിവരാണ് രേഖകളുമായി ഹാജരായത്. സിഇഒയ്ക്കാണ് സമന്‍സ് അയച്ചതെങ്കിലും ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇരുവരെയും കോടതിയെ അറിയിച്ച് കിഫ്ബി അയക്കുകയായിരുന്നു. മുന്‍ ധനമന്ത്രി തോമസ് ഐസക്കും ഇഡിയുടെ അന്വേഷണ പരിധിയിലാണ്. കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സിപിഎം കൗണ്‍സിലര്‍മാര്‍ക്ക് പുറമെ എസ്ടി ജ്വല്ലറി ഉടമ സുനില്‍കുാര്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്തവരടക്കം ഇന്ന് ഇഡിക്ക് മുന്‍പിലുണ്ട്. പതിനൊന്ന് മണിയോടെയായിരുന്നു അപ്രതീക്ഷിതമായി നിലമ്പൂര്‍ എംഎല്‍എയുടെ എന്‍ട്രി. 

ബല്‍ത്തങാടിയിലെ ക്വാറിയില്‍ പങ്കാളിത്തം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അന്‍പത് ലക്ഷം തട്ടിയെന്ന പരാതിയിലാണ് അന്‍വറിനെതിരായ ഇഡി അന്വേഷണം. 2023 ജനുവരിയില്‍ അന്‍വറിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ചോദ്യം ചെയ്യല്‍. അന്‍വറിന്‍റെ ഭാര്യ ഷീജയ്ക്കും ഇഡി സമന്‍സ് അയച്ചിട്ടുണ്ട്. ഇതിനൊപ്പം ഹൈറിച്ച് തട്ടിപ്പ് കേസിലും ഇഡി അന്വേഷണം ഊര്‍ജിതമാണ്. ഉടമകള്‍ക്ക് പുറമെ ഇവര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലീഡര്‍മാര്‍ പണം നിക്ഷേപിച്ചവരടക്കം ഇഡിയുടെ ചോദ്യമുനയിലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ കേസുകള്‍ക്ക് പുറമെ മറ്റ് ചില കേസുകളിലും ഇഡി അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ടവരും എത്തിയതോടെ ഇഡി ഓഫിസ് ജനസാഗരമായി. ഇരിക്കാന്‍ കസേരപോലും ലഭിക്കാതെവന്നതോടെ ചിലര്‍ അതൃപ്തി അറിയിച്ചു. പുറത്തിറങ്ങിയാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍പ്പെടുമെന്നതിനാല്‍ പരിമിതികളില്‍ അവര്‍ ഒതുങ്ങികൂടി. എല്ലാ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് അടക്കംപറയുന്നുണ്ടെങ്കിലും കൂടുതല്‍ ഉന്നത നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇഡി. 

ED intensified investigation in fraud cases involving political leaders