pregnantwomen

ഗർഭഛിദ്രത്തിന് സ്ത്രീകൾക്ക് കൂടുതൽ അവകാശം നൽകുന്ന നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി. വിവാഹമോചനത്തിന് നടപടി തുടങ്ങിയാൽ ഇരുപതാഴ്ച്ചയിലേറെ പ്രായമുള്ള ഗർഭം അവസാനിപ്പിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്ത്രീകളുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതിൽ അവരുടെ തീരുമാനമാണ് അന്തിമമെന്നും കോടതി വ്യക്തമാക്കി.

 

അമ്മയ്ക്കോ, ഗർഭസ്ഥ ശിശുവിനോ ഉള്ള ആരോഗ്യപ്രശ്നങ്ങൾ, അമ്മയുടെ മാനസിക പ്രശ്നങ്ങൾ, വിവാഹമോചനം, ഭർത്താവിന്‍റെ മരണം തുടങ്ങിയ സാഹചര്യങ്ങളിൽ മാത്രമാണ് വിവാഹിതയായ സ്ത്രീക്ക് ഇരുപത് ആഴ്ച്ചയിലേറ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകാറുളളത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അവകാശങ്ങൾ സ്ത്രീകൾക്ക് നൽകുകയാണ് ഹൈക്കോടതി. വിവാഹമോചനത്തിന് നടപടി ആരംഭിച്ചാൽ ഗർഭഛിദ്രത്തിനുള്ള അവകാശം ഭാര്യക്കുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്‍റെ ശരീരം എന്‍റെ സ്വന്തമാണെന്ന ഐക്യരാഷ്ട്രസഭ പോപ്പുലേഷൻ ഫണ്ടിന്റെ വാചകം ഉദ്ധരിച്ചുകൊണ്ടാണ് ഉത്തരവ്.

 

സ്ത്രീയുടെ ശാരീരികവും മാനസികവുമായ എല്ലാ അവകാശങ്ങളും അവർക്ക് മാത്രമാണ്. ലിംഗ സമത്വത്തിന്റെയും, ഭരണഘടന നൽകുന്ന മൗലികാവകാശത്തിന്റെയും ഭാഗമാണതെന്നും ഉത്തരവിലുണ്ട്. ഗർഭഛിദ്രത്തിന് അനുമതി തേടി 23 വയസ്സുകാരി സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണങ്ങൾ. ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ ഗുരുതര ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ പിന്നിട് ഉണ്ടാകുമെന്ന മെഡിക്കൽ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഉത്തരവ്.