murali-padmaja-new-07

സഹോദരി പത്മജയുടെ ബിജെപി പ്രവേശം വന്‍ ചതിയെന്ന് സഹോദരനും കോണ്‍ഗ്രസ് എംപിയുമായ കെ. മുരളീധരന്‍. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ ചതിയെന്നും അച്ഛന്‍റെ ആത്മാവ് പൊറുക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ. കരുണാകരന്‍ ഒരു കാലത്തും വര്‍ഗീയതയോട് സന്ധി ചെയ്യാത്ത ആളാണ്. അങ്ങനെയുള്ള കുടുംബത്തില്‍ നിന്ന് ഒരാളെ ബിജെപിക്ക് കിട്ടിയെന്നത് മതേതര വിശ്വാസികളെ സംബന്ധിച്ച് ദുഃഖം നല്‍കുന്ന കാാര്യമാണെന്നും പത്മജയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

മുരളിയുടെ വാക്കിന്‍റെ പൂര്‍ണരൂപം ഇങ്ങനെ...'കോണ്‍ഗ്രസ് പാര്‍ട്ടി പത്മജയ്ക്ക് മുന്തിയ പരിഗണനയാണ് എല്ലാക്കാലത്തും  കൊടുത്തത്. തിരഞ്ഞെടുപ്പില്‍ ചിലരൊക്കെ കാലുവാരാന്‍ നോക്കിയെന്ന് പറയുമ്പോള്‍ അങ്ങനെ ചില വ്യക്തികള്‍ കാലുവാരിയാല്‍ തോല്‍ക്കുന്നതാണോ ഒരു തിരഞ്ഞെടുപ്പെന്ന് പറഞ്ഞാല്‍? അങ്ങനെയാണെങ്കില്‍ എന്നെ ഒരുപാട് പേര് വാരിയിട്ടുണ്ട്. ഞാന്‍ കംപ്ലെയിന്‍റൊന്നും കൊടുക്കാന്‍ പോയിട്ടില്ല. കെ. കരുണാകരന്‍ ഒരുകാലത്തും വര്‍ഗീയതയോട് സന്ധി ചെയ്യാത്ത ആളാണ്. അങ്ങനെയുള്ള കെ. കരുണാകരന്‍റെ കുടുംബത്തില്‍ നിന്ന് ഒരാളെ ബിജെപിക്ക് കിട്ടിയെന്ന് പറയുമ്പോള്‍ അത് മതേതര വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും ദുഃഖം നല്‍കുന്ന ഒരു കാര്യമാണ്. പക്ഷേ അതുകൊണ്ടൊന്നും ഞങ്ങളുടെ പോരാട്ടവീര്യം തളരില്ല. ഞങ്ങള്‍ ശക്തമായി ഫൈറ്റ് ചെയ്യും. 

 

പത്മജയെ എടുത്തത് കൊണ്ട് കാല്‍ക്കാശിന്‍റെ ഗുണം കേരളത്തില്‍ ബിജെപിക്ക് കിട്ടാന്‍ പോകുന്നില്ല. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഇനി ഒരു ബന്ധവും അവരുമായില്ല. തിരഞ്ഞെടുപ്പിലേക്ക് അടുത്ത് നില്‍ക്കുന്ന സമയത്താണ് ഇമ്മാതിരി ചതി. ഇതിനെ ചതിയെന്നല്ലാതെയെന്താണ് പറയേണ്ടത്? അച്ഛന്‍റെ ആത്മാവ് പൊറുക്കില്ല. കാരണം വര്‍ഗീയ കക്ഷികളുടെ കൂടെ പോയത് കൊണ്ട്. അതുകൊണ്ട് തന്നെയാണ് ഞാന്‍ പറഞ്ഞത്, എല്ലാ ബന്ധങ്ങളും അവസാനിച്ചു'.  

 

Padmaja betrayed party, won't forgive says K Muralidharan