വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണം സംഭവിച്ച് ഇരുപത് ദിനങ്ങൾ പിന്നിടുമ്പോൾ അന്വേഷണം സംബന്ധിച്ച് സംശയങ്ങൾ ബാക്കി. തുടക്കത്തിൽ പൊലീസിനുണ്ടായ പാളിച്ചകളും, സംഭവത്തിൽ കൂടുതൽ പ്രതികളിലേക്ക് എത്താത്തതും സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു.

സിദ്ധാർഥനെ മർദ്ദിച്ച സംഭവത്തിൽ പൊലീസിന്റെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന 18 പേരും മാർച്ച് രണ്ടാം തീയതിയോടെ കസ്റ്റഡിയിൽ. തൊട്ടുപിന്നാലെ വെറ്ററിനറി കോളജ് ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സംഭവത്തിൽ പങ്കുള്ളത് 31 വിദ്യാർഥികൾക്ക്. കോളജ് നൽകിയ വലിയ ശിക്ഷയായ മൂന്നു വർഷത്തെ പഠനവിലക്ക് ലഭിച്ചവരുടെ പട്ടികയിൽ 19 വിദ്യാർഥികൾ. അതിൽ പതിനെട്ടും അറസ്റ്റിലായവർ. പത്തൊമ്പതാമനെ പൊലീസ് തഴഞ്ഞതിന് കാരണമെന്ത്? സിദ്ധാർഥന്റെ കുടുംബം ആവർത്തിച്ച് ആരോപണം ഉന്നയിച്ച ഇടുക്കി സ്വദേശിയായ വിദ്യാർഥിക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതെന്ത്? സംശയങ്ങൾ ഇവിടെ തുടങ്ങുന്നു.

സംഭവം നടന്ന ഹോസ്റ്റൽ മുറി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പൊലീസ് സീൽ ചെയ്തില്ലെന്ന ആരോപണം ഉയർന്നിരുന്നു. മാർച്ച് രണ്ടിന് കോൺഗ്രസ് എം.എൽ.എമാരും മാധ്യമങ്ങളും ഹോസ്റ്റൽ മുറികൾ ആകെ കയറിയിറങ്ങിയതിനു ശേഷം ആണ് മുഖ്യപ്രതിയെ ഇവിടെ എത്തിച്ച് പൊലീസ് തെളിവെടുക്കുന്നത്. എന്നാൽ സംഭവത്തിന് പിന്നാലെ തന്നെ മുറികൾ സീൽ ചെയ്തിരുന്നുവെന്നും ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കിയതിനുശേഷം ആണ് മുറികൾ തുറന്നു കൊടുത്തതെന്നുമാണ് ലോക്കൽ പൊലീസിന്റെ വാദം. അപ്പോഴും പ്രതികൾ സിദ്ധാർഥനെ മർദ്ദിക്കാൻ ഉപയോഗിച്ച വസ്തുക്കൾ പൂർണ്ണമായും കണ്ടെടുത്തോ എന്നതിൽ വ്യക്തതയില്ല. 

സിദ്ധാർഥന്റെ മൃതദേഹം ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുന്നത് ഉച്ചയ്ക്ക് രണ്ടരയ്ക്കെങ്കിലും എഫ്.ഐ.ആർ. പ്രകാരം പൊലീസ് വിവരമറിയുന്നത് വൈകിട്ട് നാലരയ്ക്കാണ്. ഈ സമയവ്യത്യാസത്തിനും കൃത്യമായ മറുപടിയില്ല. ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. എല്ലാ സംശയങ്ങളുടെയും ചുരുളഴിയാൻ അതുവരെ കാത്തിരിക്കേണ്ടി വരും.

Siddharth case follow up