kattappana-murder11

ഇടുക്കി കട്ടപ്പന കക്കാട്ടുകടയില്‍ കൊല്ലപ്പെട്ട വിജയജന്റെ മൃതദേഹം കണ്ടെത്തി. മുറിയുടെ തറ കുഴിച്ചുനടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. കുഴിയില്‍ ഇരുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.പാന്‍റ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു. കൊലപാതകത്തിൽ ഭാര്യയ്ക്കും മകനും പങ്കെന്ന് എഫ്ഐആര്‍. പ്രതി നിതീഷിനെ കക്കാട്ടുകടയിലെ വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെത്തി.

 

കട്ടപ്പന കക്കാട്ട്കടയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിജയനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി നിതീഷുമായി തെളിവെടുപ്പ് നടത്തിയത്. നിതീഷ് കൊലപ്പെടുത്തിയ വിജയനെ വീടിനുള്ളിൽ കുഴിച്ചു മൂടാൻ ഭാര്യ സുമയും, മകൻ വിഷ്ണുവും കൂട്ട് നിന്നെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവർ താമസിച്ചിരുന്ന കക്കാട്ട്കടയിലെ വീട് ദുരൂഹതകളുടെ കേന്ദ്രമാവുകയാണ്. 

 

ഇരട്ടകൊലപാതകത്തിൽ നവജാതശിശുവിനെ കൊന്നത് അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞായതിനാലെന്ന് പൊലീസ് പറയുന്നു. പ്രതികളിലൊരാളായ നിതീഷിനു കൊല്ലപ്പെട്ട വിജയന്റെ മകളിലുണ്ടായ ആൺകുഞ്ഞിനെ 2016 ജൂലൈയിലാണ് കൊലപ്പെടുത്തിയത്. നിതീഷും കുട്ടിയുടെ മാതാവായ യുവതിയും വിവാഹിതരല്ല. രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറി‍ഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലപ്പെടുത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. കുഞ്ഞിനെ വിജയൻ കാലിൽ പിടിച്ചു നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. പിന്നീട് കു‍ഞ്ഞിനെ കട്ടപ്പന സാഗര ജംക്‌ഷനിൽ ഇവർ മുൻപ് താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തിൽ കുഴിച്ചു മൂടുകയായിരുന്നു. പിടിയിലായ വിജയന്റെ മകൻ വിഷ്ണുവും ഈ കേസിൽ പ്രതിയാണ്.

 

വിജയന്റെ മകളുടെ കൈയ്ക്കുള്ള ബുദ്ധിമുട്ട് പൂജയിലൂടെ മാറ്റാമെന്നു വിശ്വസിപ്പിച്ചാണ് നിതീഷ് ഈ കുടുംബത്തിൽ എത്തിയതെന്നാണു വിവരം. അതിനുശേഷം നിതീഷിന്റെ നിർദേശങ്ങൾക്കനുസരിച്ച് അവർ ജീവിതരീതി വരെ മാറ്റിയപ്പോൾ ബന്ധുക്കളിൽനിന്നും നാട്ടുകാരിൽനിന്നുമെല്ലാം അകലം പാലിച്ചു. ഒടുവിൽ വാടകവീടുകൾ മാറിമാറി താമസിക്കാൻ തുടങ്ങിയതോടെ ഇവരെ കാണാതായെന്നു വ്യക്‌തമാക്കി ഒരു ഘട്ടത്തിൽ വിജയന്റെ സഹോദരി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

 

അതിനുശേഷം കട്ടപ്പനയിൽ ഒരു ബന്ധു വിജയനെയും മറ്റും കണ്ടതായി അറിയിച്ചതോടെയാണ് അവർ ജീവനോടെയുണ്ടെന്ന് ബന്ധുക്കൾ മനസ്സിലാക്കിയത്. വിജയന്റെ മകൾക്ക് പ്രത്യേക ശക്തിയുണ്ടെന്നു വിശ്വസിപ്പിച്ചാണു നിതീഷ് ഇവരെ പൊതുസമൂഹത്തിൽനിന്ന് അകറ്റിയതെന്നാണു വിവരം. മറ്റുള്ളവരുമായി ഇടപഴകിയാൽ ശക്തി ക്ഷയിക്കുമെന്നാണത്രേ ഇയാൾ വിശ്വസിപ്പിച്ചിരുന്നത്. വിജയൻ മാസങ്ങൾക്കു മുൻപാണ് കൊല്ലപ്പെട്ടത്. തർക്കത്തിനിടെ നിതീഷ് ഷർട്ടിൽ പിടിച്ചുവലിച്ചു നിലത്തിട്ടശേഷം ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് സംശയിക്കുന്നത്. വിഷ്ണുവിന്റെ സഹായത്തോടെ വീട്ടിലെ ഒരു മുറിയിൽ കുഴിയെടുത്തു മൃതദേഹം മൂടി.

 

മാർച്ച് രണ്ടിനു പുലർച്ചെ കട്ടപ്പനയിലെ വർക്‌ഷോപ്പിൽ മോഷണത്തിനു ശ്രമിക്കുമ്പോഴാണു വിഷ്ണു പിടിയിലായത്. ഈ സമയം പുറത്തു കാവൽ നിൽക്കുകയായിരുന്നു നിതീഷ്. ചോദ്യം ചെയ്യലിനിടെ കൊലപാതകത്തെക്കുറിച്ചു സൂചന ലഭിക്കുകയായിരുന്നു. പ്രതിയായ വിഷ്ണുവിന്റെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ, അയാളുടെ സഹോദരിയോട് അച്ഛനെവിടെയെന്നു ചോദിച്ചിരുന്നു. ഇതിന്, കൃത്യമായ ഉത്തരം ലഭിച്ചില്ല. തുടർന്ന് പ്രതികളെ ചോദ്യംചെയ്തപ്പോഴും മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. പൊലീസ് രഹസ്യാന്വേഷണവിഭാഗം ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. വിജയനെ കഴിഞ്ഞ ഓണം മുതൽ കാണാതായെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കളിൽ ചിലർ പറഞ്ഞു.

 

തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഒരുമിച്ചു താമസിക്കുന്ന കക്കാട്ടുകടയിലെ വാടകവീടിന്റെ തറ പുതുതായി കോൺക്രീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. വിജയന്റെ മൃതദേഹം ഇവിടെ മറവു ചെയ്തതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. കക്കാട്ടുകടയിലെ വീടിന്റെ തറ പൊളിച്ച് പൊലീസ് പരിശോധന നടത്തുന്നുണ്ട്.

 

Idukki murder: Police exhume skeletal remains during search inside house