ഷമ മുഹമ്മദ് കോണ്‍ഗ്രസിന്റെ ആരുമല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ നിലപാട് തിരുത്തി പ്രതിപക്ഷ നേതാവ്. ഷമ പാര്‍ട്ടി വക്താവാണെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തേക്കുറിച്ച് ഉന്നയിച്ച പരിഭവം ഗൗരവമുള്ളതുമാണെന്നാണ് വി.ഡി.സതീശന്‍ തിരുത്തിയത്. പാര്‍ട്ടി വക്താവെന്ന് പേര് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ഷമയും സുധാകരന് മറുപടി നല്‍കിയിരുന്നു.

 

സീറ്റ് കിട്ടാത്തതിലെ നിരാശ പങ്കുവച്ചുകൊണ്ടാണ് ഷമ മുഹമ്മദ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകളെ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉന്നയിച്ചത്. ഇതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് പാര്‍ട്ടി ബന്ധമേയില്ലെന്നായിരുന്നു കെ.സുധാകരന്റെ നിലപാട്. ഇങ്ങനെ പറഞ്ഞ് ഒഴിഞ്ഞ സുധാകരനെ ഒരിക്കല്‍കൂടി വി.ഡി.സതീശന്‍ പരസ്യമായി തിരുത്തി. ഷമ പറഞ്ഞതെല്ലാം ശരിയുമാണ്. ഷമ പാര്‍ട്ടി വക്താവുമാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ തിരുത്ത്.

 

സുധാകരനെതിരെ ഒളിയമ്പുമായി ഷമയും രംഗത്തുണ്ട്. പാര്‍ട്ടിയില്‍ ആരുമല്ലെന്ന ആക്ഷേപത്തിന് മറുപടിയായി പാര്‍ട്ടി വക്താവ് എന്ന എ.ഐ.സി.സി വെബ് സൈറ്റിലെ സ്ക്രീന്‍ഷോട് സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് ഷമയുടെ മറുപടി. 

 

The opposition leader has corrected KPCC president's position that Shama Muhammad is not a member of the Congress