aluva

ആലുവ തട്ടിക്കൊണ്ടുപോകല്‍ കേസിലെ ഇരകള്‍ ഇതരസംസ്ഥാനക്കാരെന്ന് സൂചന. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്. കാര്‍ വാടകയ്ക്കെടുത്ത് നല്‍കിയ അഞ്ചൽ സ്വദേശി റിയാസ്, അഞ്ചാലുംമൂട് സ്വദേശി അൻവർ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

കാറിലെത്തിയ സംഘം ആലുവയില്‍നിന്ന് മൂന്നുപേരെ തട്ടിക്കൊണ്ടുപോയ കേസിന്റെ കുരുക്കഴിക്കാനുള്ള ഊര്‍ജിതശ്രമത്തിലാണ് പൊലീസ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് കേസിനാധാരം എന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന വിവരം. തിരുവനന്തപുരത്ത് ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് ഇതരസംസ്ഥാനക്കാര്‍ സ്ഥലമിടപാടുമായി ബന്ധപ്പെട്ട് അഞ്ച് ലക്ഷംരൂപ ഒരാളില്‍നിന്ന് കൈപ്പറ്റിയിരുന്നു. പിന്നീട് പണം തിരികെ നല്‍കുകയോ ഇടപാട് പൂര്‍ത്തിയാക്കുകയോ ചെയ്തില്ല. ഇടപാട് പറഞ്ഞുതീര്‍ക്കുന്നതിനായി ആലുവയില്‍ എത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോയതെന്നാണ് നിലവില്‍ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കേസില് ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്നും കുറ്റകൃത്യത്തിന് പിന്നില് സാമ്പത്തിക തര്‍ക്കമാണെന്നും എറണാകുളം റൂറല്‍ എസ്.പി. വൈഭവ് സക്സേന പറഞ്ഞു.

ആലുവ റയില്‍വേ സ്റ്റേഷനും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍‍ഡിനുമിടയില്‍നിന്ന് ഇന്നലെ രാവിലെ ഏഴിന് ഒരാളെ തട്ടിക്കൊണ്ടുപോയെന്നാണ് ദൃക്സാക്ഷി മൊഴി.  കാര്‍ കണ്ടെത്തിയ തിരുവനന്തപുരം കണിയാപുരത്തെ നാട്ടുകാരുടെ മൊഴിപ്രകാരം കാറിലുണ്ടായിരുന്ന ആറുപേര്‍ മതില്‍ ചാടിയാണ് രക്ഷപെട്ടുപോയത്. ഇതോടെയാണ് പ്രതികളും ഇരകളും പരസ്പരം അറിയുന്നവരെന്ന് സംശയം ബലപ്പെട്ടത്.  കാര്‍ വാടകയ്ക്കെടുത്ത് നല്‍കിയ അഞ്ചല്‍ സ്വദേശി റിയാസും, ഇയാളുടെ കൂട്ടാളിയുമാണ് തൃശൂരി‍ല്‍നിന്ന് പിടിയിലായത്.  റിയാസിന് കാര്‍ വാടകയ്ക്ക് എടുത്തുനല്‍കിയ പത്തനംതിട്ട എ.ആര്‍ ക്യാംപിലെ എ.എസ്.ഐ സുരേഷ് കുമാറിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

Aluva youth kidnap case follow up