കൃഷി മന്ത്രിയുടെ ഉറപ്പ് പാഴായി. കെ.എസ്.ഇ.ബി ജീവനക്കാർ വെട്ടിമാറ്റിയ തൃശൂർ വലപ്പാട്ടെ കർഷകരുടെ വാഴകൾക്ക് ഒന്നര മാസമായിട്ടും നഷ്ടപരിഹാരമോ ഇൻഷുറൻസ് തുകയോ ലഭിച്ചില്ല. കെ.എസ്.ഇ.ബി നടപടി വിവാദമായതിന് പിന്നാലെ ഉടൻ അനുവദിക്കും എന്ന ഉറപ്പാണ് നാളിതു വരെ പാലിക്കാനാവാത്തത്.
കഴിഞ്ഞ ഫെബ്രുവരി 5നാണ് വലപ്പാട്ടെ രണ്ടു കർഷകരുടെ വാഴകൾ കെ.എസ്.ഇ.ബി കരാർ ജീവനക്കാർ വെട്ടിമാറ്റിയത്. ലൈനിനു താഴേ വളർന്നുവെന്ന് കാണിച്ചായിരുന്നു യാതൊരു മുന്നറിയിപ്പും കൂടാതയുള്ള നടപടി. കുലച്ച പത്തു വാഴകൾ വെട്ടി. പരാതിയുമായി കർഷകർ രംഗത്തെത്തിയതോടെ കൃഷി മന്ത്രി ഇടപെട്ടു, ഉടൻ നഷ്ടപരിഹാരം അനുവദിക്കുമെന്നായിരുന്നു ഉറപ്പ്. എന്നാൽ മാസം ഒന്നു കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല, നഷ്ടപരിഹാരവും ലഭിച്ചില്ല, ഇൻഷുറൻസ് തുകയും അനുവദിച്ചില്ല.
പാട്ടത്തിനെടുത്ത ഭൂമിയിലായിരുന്നു സന്തോഷിന്‍റയും മിഷോയുടെയും കൃഷി. 14 വർഷമായി സമീപത്തെ വൈദ്യുതി ലൈൻ പ്രവർത്തന രഹിതമായിട്ട്. എന്നിട്ടും കെ.എസ്.ഇ.ബിയുടെ ഭാഗത്തു നിന്നുണ്ടായ നടപടിക്കെതിരെ കടുത്ത അമർഷമാണ് ഉയർന്നത്
കെ.എസ്.ഇ.ബിക്കും കൃഷി വകുപ്പിനും പഞ്ചായത്തിലും പരാതി നൽകിയിരുന്നു. അതിലും നടപടിയുണ്ടായില്ല. അതിനിടെ കഴിഞ്ഞ ദിവസം പുതുക്കാട്ടെ മറ്റൊരു കർഷകന്റെ 6 വാഴകളും കെ എസ് ഇ ബി വെട്ടി മാറ്റി. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്നാണ് ആവശ്യം