ഇന്ത്യൻ രാഷ്ട്രീയത്തിന്  നിരവധി നേതാക്കളെ സംഭാവന ചെയ്തിട്ടുണ്ട് ഡല്‍ഹി ജവഹർലാൽ നെഹ്റു സർവകലാശാല. പൊതുതിരഞ്ഞെടുപ്പ് ചൂടുപിടിച്ച സമയം ജെഎൻയുവും തിരഞ്ഞെടുപ്പ് ചൂടിലാണ്.  നാലു വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടത് വിദ്യാർഥി സഖ്യവും എബിവിപിയും തമ്മിലാണ് പ്രധാന പോരാട്ടം.  നാളെയാണ് വോട്ടെടുപ്പ്. 

 

അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഡിബേറ്റിനെ അനുസ്മരിപ്പിക്കുന്ന സംവാദമാണ് ജെഎൻയു  വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിന്‍റെ ഗതി നിർണയിക്കുന്നതിൽ മുഖ്യം. ക്ഷി രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ അർധരാത്രി വരെ നീണ്ട് നിന്ന വാദപ്രതിവാദം.

 

ഇടത് സഖ്യവും എബിവിപിയും തമ്മിലാണ് നേർക്ക് നേർ പോരാട്ടം. വിദ്യാർഥി യൂണിയൻ ഇത്തവണയും ഒപ്പമുണ്ടാകുമെന്ന്  ഉറച്ച് പറയുന്നു ഇടതു സഖ്യത്തിന്‍റെ പാനലിലെ കൗൺസിലർ സ്ഥാനാർഥിയും ഇരിങ്ങാലക്കുട സ്വദേശിനിയുമായ കിഴക്കൂട്ട് ഗോപിക ബാബു. കാലങ്ങളായി ഇടത് സഖ്യത്തിന്‍റെ  കയ്യിലുള്ള വിദ്യാർഥി യൂണിയൻ തിരിച്ചു പിടിക്കാനാണ് എബിവിപി ശ്രമം. 

 

തെലങ്കാനയിൽ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പിതാവിന്‍റെ നീറുന്ന ഓർമ്മകളോടെയാണ് ഉമേഷ് ചന്ദ്ര അജ്മീര എബിവിപിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. എന്‍.എസ്.യു.ഐ, ദളിത് വിദ്യാർഥി സംഘടനയായ ബാപ്സ, ആർജെഡിയുടെ ഛാത്ര രാഷ്ട്രീയ ദൾ എന്നിവയും മത്സരരംഗത്തുണ്ട്.  പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, 42 കൗൺസിലർമാർ എന്നീ പോസ്റ്റുകളിലേക്കാണ് മൽസരം. റിട്ട സുപ്രീം കോടതി ജഡ്ജി രാമസുബ്രഹ്മണ്യത്തിന്‍റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് കർശന സുരക്ഷാ വലയത്തിലാണ് ജെ.എന്‍.യു.