Morning-Express-HD_aicamera

ആറു വർഷം മുൻപ് മരിച്ചയാൾക്ക് ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചെന്ന പേരിൽ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. പരേതനായ വൈക്കം ഉദയനാപുരം സ്വദേശി സുകുമാരൻ നായരുടെ പേരിലാണ് എഐ ക്യാമറ എടുത്ത ഫോട്ടോയുടെ അടിസ്ഥാനത്തിൽ പിഴ അടയ്ക്കാനുള്ള നോട്ടീസ് വന്നിരിക്കുന്നത്. ഇരുചക്രവാഹനം ഓടിക്കാൻ അറിയാത്ത സുകുമാരൻ നായരുടെ പേരിൽ മരിച്ച് ആറു വർഷങ്ങൾക്ക് ശേഷം എങ്ങനെ നോട്ടീസ് വന്നു എന്നാണ് കുടുംബത്തിന്റെ ചോദ്യം

 

2017 ൽ 87-ാം വയസിൽ മരിച്ച വൈക്കം ഉദയനാപുരം സ്വദേശി രാമനിലയത്തിൽ സുകുമാരൻനായർ മൂന്ന് മാസം മുമ്പ് ഹെൽമറ്റ് ഇല്ലാതെ വെങ്ങാനൂർ വഴി രാത്രി പന്ത്രണ്ടരക്ക് ഇരു ചക്ര വാഹനം ഓടിച്ചതായാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നോട്ടീസ് പറയുന്നത്. ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന ഒരാളുടെ എഐ ക്യാമറ എടുത്ത ഫോട്ടോ ഉൾപ്പെടെയുള്ള നോട്ടീസ് ആണ് വന്നിരിക്കുന്നത്. സൈക്കിളൊഴികെ ഒരു വാഹനവുമില്ലാതിരുന്ന ലൈസൻസുമില്ലാത്ത പിതാവിന് വന്ന നോട്ടീസ് കണ്ട അമ്പരപ്പിലാണ് മകൻ ശശികുമാർ. 

 

വൈക്കം രജിസ്ട്രേഷനിൽ ഉള്ള ബജാജ് സ്കൂട്ടറിന്റെ നമ്പറും നോട്ടീസിൽ ഉണ്ട് എന്നാൽ ഇങ്ങനെ ഒരു വാഹനം കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഇല്ല. തൊടുപുഴ മോട്ടോർ വാഹന വകുപ്പ് അയച്ചപിഴ നോട്ടീസ് കണ്ട് അന്തം വിട്ട കുടുംബം, സംഭവത്തിന്‍റെ നിജസ്ഥിതിയറിയാൻ മോട്ടോർ വാഹന വകുപ്പിനെ തന്നെ സമീപിക്കാ നൊരുങ്ങുകയാണ്. നോട്ടീസ് അയച്ചപ്പോൾ അഡ്രസ്സ് മാറിപ്പോയതാകാമെന്നാണ്  മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം