ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം. രോഗികൾക്ക് നിർദേശിക്കുന്ന മരുന്നിൽ ഭൂരിഭാഗവും ഫാർമസിയിൽ ഇല്ല. ആശുപത്രിയിൽ നിന്ന് മരുന്ന് കിട്ടാതായതോടെ വൻ വിലകൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് നിർധനരായ രോഗികൾ.

താജുദ്ദീൻ 10 വർഷം മുൻപ് ബൈപാസ് സർജറി കഴിഞ്ഞ ആളാണ്. ഇപ്പോൾ കിഡ്നിക്കും പ്രശ്നമുണ്ട്. തുടർച്ചയായി മരുന്നു കഴിക്കേണ്ട ആളാണ്. താജുദ്ദീന് ഡോക്ടർ കുറിക്കുന്ന മരുന്നൊന്നും ആലപ്പുഴ മെഡിക്കൽ ആശുപത്രി ഫാർമസിയിലില്ല. ഓട്ടോ ഡ്രൈവറാണ് നൗഷാദ്. ഡോക്ടർ കുറിച്ച മരുന്ന് ഫാർമസിയിൽ ഇല്ല. പുറത്ത് നിന്ന് വാങ്ങുന്നതിന് പണമില്ലാത്തതിനാൽ വിഷമിച്ചുനിൽക്കുകയാണ്. അമ്പലപ്പുഴ സ്വദേശി സുരേന്ദ്രൻ സ്ട്രോക്ക് വന്നതിനെ തുടർന്ന് മെഡിക്കൽ കോളജിലെ ന്യൂറോസയൻസ് വിഭാഗത്തിൽ ചികിത്സ തേടുന്നയാളാണ്. ഡോക്ടറെ കണ്ടപ്പോള്‍ 8 തരം മരുന്നുകൾ കുറിച്ചു. ആശുപത്രി ഫാർമസിയിൽ ചെന്നപ്പോൾ ലഭിച്ചത് മൂന്നെണ്ണം. ബാക്കി പുറത്തു നിന്ന് വാങ്ങാൻ മറുപടി കിട്ടി 

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളിൽ ഭൂരിഭാഗവും നിർധനരാണ്. മരുന്നുണ്ടാകുമെന്ന് കരുതിയെത്തുന്ന ഇവരെല്ലാം നിരാശയോടെ മടങ്ങുകയാണ്. പുറത്തു നിന്ന് വാങ്ങാൻ പണമില്ലാത്തതിനാൽ മരുന്നില്ലാതെ വീട്ടിലേക്ക് പോകും. കീമോതെറപ്പി കഴിഞ്ഞ രോഗികൾക്കും ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നിൽ പലതും കിട്ടുന്നില്ല 

അതിരാവിലെ ഒ.പിയിലെത്തി മണിക്കൂറുകൾ കാത്തിരുന്നാണ് ഡോക്ടറെ കാണുന്നത്. ഫാർമസിയിലെ നീണ്ട ക്യൂവിൽ ദീർഘനേരം നിന്ന് കൗണ്ടറിലെത്തുമ്പോഴാണ് മരുന്നില്ലെന്ന് പറയുന്നത്. ഹൃദ്രോഗം, ന്യൂറോ, അർബുദ , വൃക്ക രോഗികൾക്കുള്ള മരുന്നുകളാണ് കിട്ടാത്തത്. മരുന്ന് ക്ഷാമം ഇല്ലെന്നും അത്യാവശ്യ മരുന്ന് ഉണ്ടെന്നുമാണ് സൂപ്രണ്ടിന്റെ വീശദീകരണം. എന്നാൽ രോഗികൾക്ക് പറയാനുള്ളത് മരുന്ന് കിട്ടാത്തതിന്റെ വിഷമങ്ങളും.

Acute shortage of medicine in Alappuzha Vandanam Medical College Hospital