ആലപ്പുഴ നഗരസഭ സെക്രട്ടറിയുടെ മുറിയിൽ താൽക്കാലിക ജീവനക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നഗരസഭയിലെ ജെസിബി ഓപ്പറേറ്റർ സൈജൻ ആണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. നഗരസഭ സെക്രട്ടറിയുടെ മുറിയിൽ ഉദ്യോഗസ്ഥരുടെ യോഗം നടന്നു കൊണ്ടിരിക്കുമ്പോൾ അകത്തേക്ക് കടന്ന ഇയാൾ ദേഹത്ത് പെട്രോളൊഴിച്ച ശേഷം ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.
21 വർഷമായി താൽക്കാലിക ജോലി ചെയ്യുന്ന ഇയാളെ സ്ഥിരപ്പെടുത്തുന്നില്ലെന്നാരോപിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മദ്യലഹരിയിലായിരുന്നു ഇയാൾ. നഗരസഭ സെക്രട്ടറി മുംതാസിന്‍റെ ദേഹത്തും ലാപ്ടോപ്പിലും ഫയലുകളിലും പെട്രോൾ വീണു. തുടർന്ന് പൊലിസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.
നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ ഇയാൾക്കെതിരെ ആത്മഹത്യ ശ്രമം, വധശ്രമം, ഡ്യൂട്ടി തടസപ്പെടുത്തൽ എന്നിവയ്ക്ക് കേസെടുത്തു. കോടതി നിർദേശ പ്രകാരം ഈയിടെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. എന്നാല്‍ ഇയാൾ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല.