കോഴിക്കോട് കടപ്പുറത്തെ സൃഹൃദ ഇഫ്താര്‍ കാഴ്ച. എന്‍ഐറ്റിയിലെ ഒരുകൂട്ടം പെണ്‍കുട്ടികളാണ് ഇത്തവണത്തെ നോമ്പുതുറ ഹോസ്റ്റലില്‍ നിന്നും കടപ്പുറത്തേക്ക് മാറ്റിയത്. സായാഹ്നം ആസ്വദിച്ചു കൊണ്ട് നോമ്പു തുറക്കാന്‍ ഇവരെക്കൂടാതെ നിരവധിപ്പേരാണ് കോഴിക്കോട്ടെ കടപ്പുറത്തെത്തുന്നത്.
കടലിനെ ആവോളം കണ്ട് കാറ്റ് ആസ്വദിച്ച് സൊറ പറഞ്ഞു കൊണ്ടൊരു നോമ്പു തുറ. ഹോസ്റ്റലില്‍ കഴിയുന്ന ഇവര്‍ ഇത്തവണത്തെ നോമ്പ് തുറ ഒന്ന് മാറ്റി പിടിക്കാം എന്ന കരുതിയതിനുമുണ്ട് ഒരു കാരണം. ക്യാംപസില്‍ രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കിയതോടെ എന്‍ഐറ്റിയില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ്. അതുകൊണ്ട് തന്നെയാണ് അധ്യയനവര്‍ഷം പിരിയും മുന്‍പ് ഒന്നിച്ചൊരു ഇഫ്ത്താര്‍ ആയാലോ എന്ന് ആലോചിച്ചത്.
ഈത്തപ്പഴം, ആപ്പിള്‍, ഓറഞ്ച് വിവിധ ജൂസുകള്‍ എല്ലാം ഒന്നിച്ചിരുന്നു തയ്യാറാക്കി. എല്ലാവരും വിവിധ ക്ലാസുകളില്‍ പഠിക്കുന്നവരാണ്. ഇത്തരത്തിലൊരു ഒത്തുകൂടല്‍ പരസ്പരം അറിയാനും സൗഹൃദത്തിന്‍റെ ആഴം കൂടാനും കാരണമാകുന്നുണ്ടെന്ന് ഇവര്‍ പറയുന്നത്. സൗഹൃദത്തിന് അല്ലെങ്കിലും അല്‍പം സൗന്ദര്യം കൂടുതലാണല്ലോ. അങ്ങനെ സൗഹൃദം പങ്കുവച്ച സ്നേഹം നിറഞ്ഞൊരു നോമ്പുതുറ കാഴ്ചയാണ് കണ്ടത്. വരു ദിനങ്ങളും സ്‍നേഹം നിറഞ്ഞതാകട്ടെ.
A friendly Iftar at Kozhikode beach