Anuja

 

‘വികലമായ പകലുകൾ..ചുട്ടുപൊള്ളുന്ന വീഥികൾ..നിഴലുകൾ വിശ്രമമില്ലാതെ സഞ്ചരിക്കുന്നു...ഒടുവിൽ എത്തിച്ചേരുന്നത് ചോരമണമുള്ള ഇരുട്ടിൽ..അവിടെ യുദ്ധം രണ്ടുപേർമാത്രം..’. പത്തനംതിട്ടയില്‍ അപകടത്തില്‍ മരിച്ച അനുജ എഴുതിയ കവിതയിലെ വരികളാണിവ. അധ്യാപികയായിരുന്ന അനുജ നന്നായി കവിത എഴുതുമായിരുന്നു. എഴുതുവാനും സംസാരിക്കാനും ഏറെ ഇഷ്ടപ്പെട്ടിരുന്ന ആളാണ് അനുജ എന്ന് സഹപ്രവര്‍ത്തകരായ അധ്യാപകരും പറയുന്നു. 

2021ല്‍ കൃതി എന്ന ഫെയ്സ്ബുക്ക് പേജില്‍ അനുജ പങ്കുവെച്ച ഈ കവിത പോലെയാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അനുജയുടെ മരണവും. അപകട മരണം ആത്മഹത്യയെന്ന് സ്ഥിരീകരിക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് കവിതയിലെ മരണമാണ്. കവിതയിലെ വരികള്‍ അന്വര്‍ഥമാക്കും വിധമാണ് മരണവും സംഭവിച്ചിരിക്കുന്നത്. 

ഏറെ ദുരൂഹതകള്‍ അവസാനിപ്പിച്ച അപകടമരണമായിരുന്നു പത്തനംതിട്ട അടൂരില്‍ കഴിഞ്ഞ ദിവസമുണ്ടായത്. അപടകത്തില്‍ അധ്യാപികയായ അനുജ, സുഹൃത്ത് ബസ് ഡ്രൈവറായ ഹാഷിം എന്നിവരാണ് മരിച്ചത്. അനുജയെ ഇല്ലാതാക്കി മരിക്കാനായിരുന്നു ഹാഷിം കാറ് എതിരെ വന്ന ലോറിയിലേക്ക് ഇടിച്ചു കയറ്റിയത് എന്നാണ് പൊലീസിന്‍റെയും വിലയിരുത്തല്‍. എന്തായിരുന്നു ഹാഷിമും അനുജയും തമ്മിലുണ്ടായിരുന്ന ബന്ധം, ആ ബന്ധത്തിന് എന്താണ് സംഭവിച്ചത് തുടങ്ങി ഒരുപാട് ചോദ്യങ്ങളും അവശേഷിക്കുകയാണ്. 

അനുജയ്ക്ക് 38 വയസും ഹാഷിമിന് 32 വയസുമാണ് പ്രായം. ഒരേ കാലത്ത് പഠിച്ച് പരിചയപ്പെട്ടതല്ലെന്നും ബന്ധുക്കൾ പറയുന്നു. ഹാഷിം മുമ്പ് രണ്ടു വട്ടം വാഹന ഇടപാടിനായി അനുജയുടെ വീട്ടിൽ വന്നിട്ടുണ്ട്. കായംകുളം അടൂർ റൂട്ടിലെ ബസ് ഡ്രൈവറായ ഹാഷിം മുമ്പ് പന്തളം റൂട്ടിലെ ഡ്രൈവറായിരുന്നു. ഇങ്ങനെ പരിചയത്തിൽ ആയതാകാം എന്ന് സംശയിക്കുന്നു. അനുജയുടെയും ഹാഷിമിന്റെയും ഫോണുകൾ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇവർ തമ്മിലുള്ള പ്രശ്നം എന്തായിരുന്നു എന്നതടക്കമുള്ള വിവരങ്ങൾ ഫോൺ പരിശോധിക്കുന്നതിലൂടെ കിട്ടുമെന്നാണ് പ്രതീക്ഷ.