അയല്‍ക്കാരുടെ തമ്മിലടി ഒഴിവാക്കാന്‍ വെള്ളക്കെട്ടില്‍ ചാല് വെട്ടി പൊലീസ് ഉദ്യോഗസ്ഥന്‍. അടൂര്‍ ഏനാത്ത് പൊലീസ് സ്റ്റേഷനിലെ എസ്.ഐ. രാജേഷ് കുമാറാണ് സംഘര്‍ഷമൊഴിവാക്കാന്‍ മണ്‍വെട്ടി എടുത്തത്. സമീപത്തെ പറമ്പുകള്‍ക്ക് ദോഷമില്ലാത്ത വിധമാണ് മാസങ്ങളായുള്ള പ്രശ്നം പരിഹരിച്ചത്.
അടൂർ പുതുശേരി ഭാഗം-പുലിമല റോഡിൽ തോടുപോലെ കെട്ടി നിന്ന വെള്ളമാണ് പഞ്ചായത്തംഗങ്ങളുടെ സാന്നിധ്യത്തിൽ ഏനാത്ത് സ്റ്റേഷനിലെ എസ്ഐ ആർ രാജേഷ് കുമാർ ഇടപെട്ട് ചാലൊരുക്കി ഒഴുക്കിവിട്ടത്. സമീപവാസിയും നാട്ടുകാരും തമ്മിലുള്ള തർക്കവും കയ്യാങ്കളിയും ഒഴിവാക്കിയ ശേഷമാണ് റോഡിൽ കെട്ടി നിന്ന വെളളം ഒഴുക്കിവിടാൻ നാട്ടുകാർക്കൊപ്പം നിന്നത്. സ്ത്രീകൾ ഉൾപ്പെടെ അൻപതോളം ആളുകളാണ് റോഡിൽ കെട്ടി നിന്ന വെള്ളം ചാലൊരുക്കി വെട്ടി വിടാൻ എത്തിയത്. സമീപവാസി തർക്കമുന്നയിച്ചതോടെ സ്ഥലത്ത് സംഘർഷം ആയി. ഇതോടെ ആണ് പൊലീസ് ഇടപെട്ടത്
എംസി റോഡും ഏഴംകുളം-കടമ്പനാട് മിനി ഹൈവേയും ബന്ധിപ്പിക്കുന്ന റോഡ് വർഷങ്ങളായി തകർന്ന് കുഴി നിറഞ്ഞ നിലയിലാണ്. ഓടയും ചാലും നികന്നതോടെയാണ് മാസങ്ങളായി റോഡിൽ വെള്ളം കെട്ടി കിടക്കാൻ തുടങ്ങിയത്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ സംഘടിച്ച് ചാലൊരുക്കി വെള്ളം വെട്ടി വിടാൻ തുനിഞ്ഞത്. അയല്‍ക്കാരന്‍റെ എതിര്‍പ്പ് പൊലീസ് ഇടപെട്ട് ശരിയാക്കിയെങ്കിലും സ്ഥിരം പരിഹാരം ആയിട്ടില്ല