വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജ ഉള്‍പ്പെടെ സംസ്ഥാനത്തെ മിക്ക സ്ഥാനാര്‍ഥികളും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കാസര്‍കോട്ട് നാമനിര്‍ദേശ പത്രികയ്ക്കായുള്ള ടോക്കണെ ചൊല്ലി എല്‍.ഡി.എഫ് – യു.ഡി.എഫ് തര്‍ക്കമുണ്ടായി.

 

എല്‍ഡിഎഫ് നേതാക്കളായ പി.സന്തോഷ് കുമാർ എംപി, സി.കെ.ശശീന്ദ്രൻ, പി.ഗഗാറിൻ എന്നിവർക്കൊപ്പമെത്തിയാണ് ആനിരാജ പത്രിക സമര്‍പ്പിച്ചത്. കാസർകോട് യുഡിഎഫ് സ്ഥാനാർഥി  രാജ്മോഹൻ ഉണ്ണിത്താന്‍ ഡപ്യൂട്ടി കലക്ടർ പി. ഷാജുവിനും  എൽഡിഎഫ് സ്ഥാനാർത്ഥി എംവി ബാലകൃഷ്ണൻ ജില്ലാ കലക്ടർ കെ. ഇമ്പശേഖറിനും നാമനിർദ്ദേശപത്രിക നൽകി. ടോക്കണ്‍ നല്‍കുന്നതില്‍ ക്രമക്കേട് ആരോപിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ കലക്ടറുടെ മുറിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. കണ്ണൂരില്‍  എൽഡിഎഫ് സ്ഥാനാർത്ഥി എംവി  ജയരാജനും  എൻഡിഎ സ്ഥാനാർത്ഥി സി.രഘുനാഥും നേതാക്കൾക്കൊപ്പമെത്തി പത്രിക നൽകി. കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമും, എൻഡിഎ സ്ഥാനാർഥി എം ടി രമേശും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങിന് പത്രിക സമർപ്പിച്ചു. വടകര എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ, എൻഡിഎ സ്ഥാനാർഥി പ്രഫുൽ കൃഷ്ണ എന്നിവർ എ ഡി എം കെ അജീഷിനും പത്രിക സമർപ്പിച്ചു. 

 

പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ എസ് ഹംസയും യുഡിഎഫ് സ്ഥാനാർഥി എം പി അബ്ദുസമദ് സമദാനിയും ബിജെപി സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യനും പത്രിക സമർപ്പിച്ചു. മലപ്പുറത്തെ ലീഗ് സ്ഥാനാർഥി ഇ ടി മുഹമ്മദ് ബഷീർ മലപ്പുറം കലക്ടർ വി ആർ വിനോദിന് പത്രിക കൈമാറി. പാണക്കാട് പള്ളിയിലെത്തി തങ്ങൾമാരുടെ കബറിടത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് ലീഗ്സ്ഥാനാര്‍ഥികള്‍ പത്രികസമര്‍പ്പിച്ചത്. കെ.എസ്.ഹംസയും പാണക്കാട് പള്ളിയില്‍ തങ്ങള്‍മാരുടെ കബറിടത്തില്‍ പ്രാര്‍ഥന നടത്തി.  ആലത്തൂരിലെ എൽ.ഡി.എഫ്  സ്ഥാനാര്‍ഥി  കെ.രാധാകൃഷ്ണനും, എൻ.ഡി.എ സ്ഥാനാർഥി എൻ.സരസുവും നാമനിർദേശ പത്രിക സമർപ്പിച്ചു. തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി എസ് സുനില്‍കുമാറും ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹ്‌നാനും ഇടുക്കിയിലെ   

എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജും എറണാകുളത്തെ   എൽഡിഎഫ് സ്ഥാനാർഥി കെ ജെ ഷൈനും പത്രിക സമർപ്പിച്ചു. ആലപ്പുഴയിൽ NDA സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പത്രിക സമർപ്പിച്ചു. കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനും എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയും ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയും എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ ആന്റണിയും മാവേലിക്കര എൽ.ഡി.എഫ് സ്ഥാനാർഥി സി എ അരുണ്‍കുമാറും  പത്രിക കൈമാറി.  കൊല്ലത്ത് എൻ.ഡി.എ. സ്ഥാനാർഥി ജി. കൃഷ്ണകുമാറും ആറ്റിങ്ങലിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയും പത്രിക സമര്‍പ്പിച്ചു.