aroghamadawater

ചൂട് അതിന്‍റെ പാരമ്യത്തിലാണിപ്പോള്‍ നമ്മുടെ നാട്ടില്‍. പാലക്കാട്ടെ താപനില ഓരോ ദിവസവും ഉയരുമ്പോള്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും ഒരിറ്റു ദാഹജലത്തിനായി പരക്കം പായുകയാണ്. ജല ഉറവിടങ്ങളെല്ലാം വറ്റിവരണ്ടു. വിഷുവെത്തും മുന്‍പ് മഴ മണ്ണിനെയും മനസിനെയും ഒരുപോലെ തണുപ്പിക്കുമെന്നാണ് കാര്‍ഷിക മേഖലയിലുള്ളവരുടെ പ്രതീക്ഷ. 

 

മേഞ്ഞ് തളര്‍ന്ന് ഒരിറ്റു ദാഹജലം തേടിയാണ് ദേവുവിന്‍റെ ഈ വരവ്. കുടിവെള്ളം തേടിയെത്തി സംതൃപ്തിയോടെ മടങ്ങിയിരുന്ന വഴിയിലൂടെ. വരവുണ്ടായി പക്ഷേ ഒരിറ്റു വെള്ളമില്ല. നടന്നിറങ്ങിയാല്‍ ദാഹകമറ്റിയിരുന്ന ഏക്കര്‍ക്കണക്കിന് വിസ്തൃതിയുള്ള കുളം ഉറവയില്ലാത്ത ഇടമായി മാറി. മീന മാസത്തിലെ സൂര്യന്‍ ഇനിയും താപനില ഉയര്‍ത്തുമെന്നാണ് കണക്ക്. അങ്ങനെയെങ്കില്‍ ദേവു മാത്രമല്ല കൂടെയുള്ള രാമസ്വാമിയും ഏറെ ദുരിതത്തിലാവും. 

 

കൊടും വരള്‍ച്ചയൊന്നും കൊന്നയെ ഏശിയിട്ടില്ലെങ്കിലും മണ്ണിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. കാര്‍ഷികോല്‍സവത്തിന്‍റെ അടയാളമായ വിഷുവെത്താന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. മഴമേഘങ്ങളുെട കണിക പോലും പാലക്കാട്ടെ അന്തരീക്ഷത്തിലില്ല. വിഷു വരും. അതിന് മുന്‍പ് മഴ വരും. മണ്ണും മനസും ഒരുപോലെ തണുക്കുമെന്ന പ്രതീക്ഷയിലാണ് ചൂടേറ്റ് വലഞ്ഞ പാലക്കാട്ടെ ജനസഞ്ചയം.