ആശിച്ചുവെച്ച വീട്ടില്‍ താമസിച്ച് കൊതിതീരും മുന്‍പേയാണ് വിനോദിന്റെ വേര്‍പാട്. രണ്ട് മാസം മുന്‍പാണ് ഏറെ ആഗ്രഹിച്ച് വെച്ച വീട്ടിലേക്ക് വിനോദും കുടുംബവും താമസും മാറുന്നത്. എന്നാല്‍ ആ വീട്ടിലേക്ക് വിനോദിന്റെ ചേതനയറ്റ ശരീരം എത്തുന്നു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ നില്‍ക്കുകയാണ് കുടുംബവും നാട്ടുകാരും.
തിരുവനന്തപുരം സ്വദേശിയായ വിനോദ് മഞ്ഞുമ്മലിലെ പുതിയ വീട്ടിലേക്ക് മാറുന്നതിന് മുന്‍പ് കൊച്ചിയിലെ ഒരു ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന് സഹപ്രവര്‍ത്തകരെയെല്ലാം വിളിച്ചിരുന്നു. പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് രണ്ട് മാസം മാത്രമേ ആവുന്നുള്ളു എങ്കിലും തങ്ങളുമായി വളരെ അടുത്ത ബന്ധം വിനോദ് പുലര്‍ത്തിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും സൗഹൃദത്തിലായ വിനോദേട്ടന് ഇങ്ങനെ സംഭവിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ലെന്നും അയല്‍വാസികള്‍ പറയുന്നു.
സര്‍വീസിലിരിക്കെ മരിച്ച അച്ഛന്റെ ജോലിയാണ് വിനോദിന് ലഭിച്ചിരുന്നത്. റെയില്‍വേയിലെ ജോലി ഉപജീവനമായിരുന്നു എങ്കിലും സിനിമയായിരുന്നു വിനോദിന്റെ മനസിലെ സ്വപ്നം. മോഹൻലാൽ ചിത്രങ്ങളായ പുലിമുരുകൻ, എന്നും എപ്പോഴും എന്നിവയിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. എസ്ആർവി സ്കൂളിൽ സംവിധായകൻ ആഷിക് അബുവിന്റെ സഹപാഠിയായിരുന്നു വിനോദ്. ആ ബന്ധമാണു സിനിമയിലേക്കു വഴി തുറന്നത്. ആഷിക് ചിത്രമായ ഗ്യാങ്സ്റ്ററിൽ മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയായി അഭിനയിച്ചു. വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.