സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ചൂടേറ്റി വിവാദ ചിത്രം ദ കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. ദൂരദർശനിൽ രാത്രി ചിത്രം സംപ്രേഷണം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

 

ലോകത്തെ നടുക്കിയ കേരളത്തിൻറെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന വാചകത്തോടെയാണ് ദൂരദർശൻ ഫേസ്ബുക്ക് പേജിൽ ചിത്രത്തിന്‍റെ സംപ്രേഷണം വിവരം പങ്കുവച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിനിടയിലുള്ള ചിത്രം പ്രദർശനത്തിന് എതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒരേസ്വരത്തിൽ രംഗത്തെത്തി. രാഷ്ട്രീയലക്ഷ്യം വച്ചുള്ള നീക്കത്തിൽ നിന്ന് ദൂരദർശൻ പിന്തിരിയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മതത്തിന്‍റെ പേരിൽ ഭിന്നിപ്പിക്കാനുള്ള നീക്കം നഗ്നമായ പെരുമാറ്റ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കമ്മിഷന് പരാതി നൽകി. 

 

പിന്നാലെ സിപിഎമ്മും കമ്മിഷന് പരാതി അയച്ചു. കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് ചെയ്തു. സിനിമയുടെ സംപ്രേഷണത്തെ ഭരണ, പ്രതിപക്ഷം ഒരുപോലെ എതിർക്കുമ്പോഴും പിന്നോട്ട് ഇല്ലെന്ന നിലപാടിലാണ് ദൂരദർശൻ. 

 

Controversial movie The Kerala Story is showing today